കൊച്ചി: ലോകമെമ്പാടുമുള്ള താരിഫ് അനിശ്ചിതത്വങ്ങളും അതിനെത്തുടർന്നുള്ള ആഗോള പ്രതിസന്ധികളും കേരളത്തിന് ജപ്പാനുമായി ലാഭകരമായി ബന്ധപ്പെടാൻ നിരവധി അവസരങ്ങൾ നൽകുമെന്ന് ഇൻഡോ-ജപ്പാൻ ചേംബർ ഓഫ് കൊമേഴ്സ് കേരള ചാപ്റ്റർ (INJACK) സംഘടിപ്പിച്ച മൂന്നാമത് ‘ജപ്പാൻ മേളയിൽ’ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ലിഥിയം ടൈറ്റാനേറ്റ് ഓക്സൈഡ് ബാറ്ററി (LTO ബാറ്ററി), ജാപ്പനീസ് കറൻസിയായ ‘യെൻ’ അടിസ്ഥാനമാക്കിയുള്ള വായ്പകൾ, കൂടാതെ ടൂറിസം മേഖലയുടെ വിവിധ വശങ്ങൾ, പ്രത്യേകിച്ച് ആരോഗ്യ- ക്ഷേമ ടൂറിസം തുടങ്ങിയ മേഖലകളിൽ കേരളത്തിന് ഈ ആഗോള അനിശ്ചിതത്വം വലിയ സാധ്യതകൾ തുറക്കുന്നു. ഓരോ പ്രതിസന്ധിക്കുള്ളിലും ഒരു അവസരം ഒളിഞ്ഞുകിടക്കുന്നുണ്ട്. അത് നാം മുതലെടുക്കണം. ട്രംപ് ഭരണകൂടത്തിന്റെ താരിഫുകൾ ബിസിനസ്സ് മേഖലയിൽ വലിയ തോതിൽപ്രശ്നങ്ങൾ സൃഷ്ടിക്കുമ്പോൾ, അതിനെ നേരിടാൻ കേരളത്തിന് പുതിയ അവസരങ്ങൾ കണ്ടെത്താൻ കഴിയണം. കേരളത്തിന്റെ കയറ്റുമതിയിൽ പ്രധാനപ്പെട്ടവയായ സമുദ്രോത്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, തുണിത്തരങ്ങൾ എന്നിവയ്ക്ക് ഒരു ബദൽ കമ്പോളമായി ജപ്പാനെ കാണാൻ കേരളം ശ്രമിക്കണം,” കേരള സർക്കാരിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി കെ. ആർ. ജ്യോതിലാൽ പറഞ്ഞു.
സംസ്ഥാനത്തെ അപൂർവ്വ ധാതുക്കളുടെ (Rare Earths) ലഭ്യത എൽ.ടി.ഒ. ബാറ്ററികളുടെ വളർന്നുവരുന്ന മേഖലയിൽ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ഒരു ക്രിട്ടിക്കൽ മിനറൽ ഇടനാഴി പരിഗണിക്കാൻ സംസ്ഥാനത്തിന് കഴിയും. ഡീസലിനേക്കാൾ ചെലവ് കുറഞ്ഞ എൽ.ടി.ഒ. ബാറ്ററികൾ ബസുകളിൽ ഉപയോഗിക്കാൻ സംസ്ഥാനം പദ്ധതിയിടുന്നുണ്ട്. കൂടാതെ, നിർമിത ബുദ്ധി (AI) അടിസ്ഥാനമാക്കിയുള്ള ഭരണമാതൃക ഗൗരവമായി പിന്തുടരുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനം കേരളമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടൂറിസം, ആരോഗ്യം, മാരിടൈം, അടിസ്ഥാന സൗകര്യ വികസനം, സുഗന്ധവ്യഞ്ജന ഉത്പന്നങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ഐ.ടി., സ്റ്റാർട്ടപ്പുകൾ തുടങ്ങിയ നിരവധി മേഖലകളിൽ ജപ്പാൻ മേള സാധ്യതകൾ തേടുമെന്ന് ഇൻജാക്ക് പ്രസിഡന്റും സിന്തൈറ്റ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ചെയർമാനുമായ ഡോ. വിജു ജേക്കബ് പറഞ്ഞു. സാങ്കേതികപരമായ സഹകരണവും സുസ്ഥിരമായ ഒരു ലോകത്തിനായുള്ള കാഴ്ചപ്പാടും ഇന്ത്യയും ജപ്പാനും പങ്കുവെക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളം സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ നിലവാരം മെച്ചപ്പെടുന്നുണ്ടെന്നും ജപ്പാനും കേരളവുമായി സഹകരിക്കാൻ നിരവധി മേഖലകളുണ്ടെന്നും ഇൻജാക്ക് വൈസ് പ്രസിഡന്റും ഇൻകെൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുമായ ഡോ. കെ. ഇളങ്കോവൻ വ്യക്തമാക്കി.
ജാപ്പാനിലെ ഓണററി കോൺസൽ ജനറൽ തകഹാഷി മുനിയോ, ജപ്പാൻ ഇക്കണോമിക് കൗൺസിൽ ചെയർമാൻ ചോമോൻ തനബെ, ഇൻജാക്ക് സെക്രട്ടറി ഡോ. ജീവൻ സുധാകരൻ, ജാപ്പാൻ മേള സുവനീർ കോർഡിനേറ്റർ ഡോ. എസ്. രത്നകുമാർ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു. ടൂറിസം, വെൽനസ്; ജപ്പാനിലെ ഐ.ടി., എ.ഐ. അവസരങ്ങൾ: മാരിടൈം, അടിസ്ഥാന സൗകര്യ വികസനം, സുഗന്ധവ്യഞ്ജനങ്ങളും അനുബന്ധ ഉത്പന്നങ്ങളും എന്നിവയെക്കുറിച്ചുള്ള പാനൽ ചർച്ചകളും മേളയുടെ ഭാഗമായി നടന്നു.