ന്യൂഡൽഹി∙ കെഎൽ രാഹുലിന്റെ സെഞ്ചുറിക്കരുത്തിൽ ഡൽഹി അടിച്ചെടുത്ത് 200 റൺസ് വിജയലക്ഷ്യം വെറുമൊരു പൂ പറിക്കുന്ന ലാഘത്തോടെ അടിച്ചെടുത്ത് ഗുജറാത്ത് ടൈറ്റൻസ്. ആദ്യം ബാറ്റു ചെയ്ത ഡൽഹി 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുത്തപ്പോൾ, ഗുജറാത്ത് മറുപടിയിൽ 19 ഓവറിൽ വിക്കറ്റ് പോകാതെ 205 റൺസടിച്ചു ലക്ഷ്യം മറികടന്നു. ഇതോടെ ടൈറ്റൻസിന് 10 വിക്കറ്റ് വിജയം. ആറു പന്തുകൾ ബാക്കി നിൽക്കെയാണ് ഗുജറാത്ത് വിജയ റൺസ് കുറിച്ചത്. വിജയത്തോടെ ഗുജറാത്തും ബെംഗളൂരുവും പഞ്ചാബ് കിങ്സും പ്ലേ ഓഫിൽ കടന്നു. 12 കളികളിൽനിന്ന് ഒൻപതു വിജയങ്ങളുള്ള ഗുജറാത്ത് 18 പോയിന്റുമായി പട്ടികയിൽ ഒന്നാമതാണ്.
സെഞ്ചുറിത്തിളക്കവുമായി സായ് സുദർശനും (61 പന്തിൽ 108), ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും (53 പന്തിൽ 93) പുറത്താകാതെനിന്നു. സായ് നാലു സിക്സുകളും 12 ഫോറുകളും ബൗണ്ടറി കടത്തിയപ്പോൾ, ഏഴു സിക്സുകളും മൂന്നു ഫോറുകളുമാണ് ഗില്ലിന്റെ ബാറ്റിൽനിന്നും പിറന്നത്. മറുപടിയിൽ അനായാസമായിരുന്നു ഗുജറാത്തിന്റെ ബാറ്റിങ്. പവർ പ്ലേയിൽ 59 റൺസെടുത്ത ഗുജറാത്ത് 10.4 ഓവറിൽ 100 പിന്നിട്ടു. ഇരുവരും ബൗണ്ടറികൾ കണ്ടെത്താൻ മത്സരിച്ചതോടെ വിജയലക്ഷ്യം നിസ്സാരമായി മാറി. ക്യാപ്റ്റൻ അക്ഷർ പട്ടേൽ ഉൾപ്പടെ ഡൽഹിയുടെ ആറു ബോളർമാർ സകലതന്ത്രങ്ങളും പയറ്റിനോക്കിയിട്ടും ഹോം ഗ്രൗണ്ടിൽ ഒരു വിക്കറ്റു വീഴ്ത്താൻ സാധിച്ചില്ല.വിപ്രജ് നിഗമിന്റെ 19–ാം ഓവറിലെ അവസാന പന്ത് ലോങ് ഓണിലൂടെ സിക്സർ പറത്തി സായ് സുദർശനാണ് ഗുജറാത്തിനായി വിജയറൺസ് കുറിച്ചത്.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡൽഹി 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുത്തു. ഓപ്പണർ കെഎൽ രാഹുൽ സെഞ്ചുറി നേടി പുറത്താകാതെ നിന്നു. 65 പന്തുകൾ നേരിട്ട രാഹുൽ നാല് സിക്സുകളും 14 ഫോറുകളുമുൾപ്പടെ 112 റൺസാണു നേടിയത്. ഐപിഎലിൽ രാഹുലിന്റെ അഞ്ചാം സെഞ്ചുറിയാണിത്. ഐപിഎലിൽ മൂന്നു ടീമുകൾക്കു വേണ്ടി സെഞ്ചുറി നേടുന്ന ആദ്യ താരമാണു രാഹുൽ. അഭിഷേക് പൊറേൽ (19 പന്തിൽ 30), അക്ഷർ പട്ടേൽ (16 പന്തിൽ 25), ട്രിസ്റ്റൻ സ്റ്റബ്സ് (10 പന്തിൽ 21) എന്നിവരും തിളങ്ങി.