കൊച്ചി: ഭാവിയിലെ ഊർജ്ജ സംഭരണ സംവിധാനങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ഗവേഷണത്തിന് മലയാളി ഗവേഷകർക്ക് ഇന്ത്യൻ പേറ്റന്റ് ലഭിച്ചു. ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ ഫിസിക്സ് വിഭാഗം ഗവേഷകയായിരുന്ന ഡോ. ക്രിസ്മ റോസ് ബാബുവിനും സൂപ്പർവൈസർ പ്രൊഫ. അനില ഇ.ഐയ്ക്കുമാണ് ഈ നേട്ടം കൈവന്നത്. സൂപ്പർകപ്പാസിറ്ററുകളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്ന നൂതനമായ ‘ഇലക്ട്രോഡ് മെറ്റീരിയൽ’ വികസിപ്പിച്ചെടുത്തതിനാണ് കേന്ദ്ര സർക്കാർ പേറ്റന്റ് അനുവദിച്ചത്. ബാറ്ററികളേക്കാൾ വേഗത്തിൽ ചാർജ് ചെയ്യാനും കൂടുതൽ കാലം ഈടുനിൽക്കാനും സഹായിക്കുന്ന സൂപ്പർകപ്പാസിറ്ററുകൾ ഇലക്ട്രിക് വാഹന മേഖലയിലും ഇലക്ട്രോണിക്സ് രംഗത്തും വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
കാർബണിന്റെ അപരരൂപമായ ഗ്രാഫൈറ്റിൽ നിന്നുമുണ്ടാകുന്ന റെഡ്യൂസ്ഡ് ഗ്രാഫീൻ ഓക്സൈഡും (rGO), കോപ്പർ ഡോപ്പ് ചെയ്ത കൊബാൾട്ട് ഓക്സൈഡ് നാനോകണങ്ങളും സംയോജിപ്പിച്ചാണ് ഇവർ പുതിയൊരു ‘ഹൈബ്രിഡ് നാനോകോമ്പോസിറ്റ്’ ഇലക്ട്രോഡ് നിർമ്മിച്ചത്. ഏതാണ്ട് 200 ഡിഗ്രി സെൽഷ്യസ് എന്ന ഉയർന്ന താപനിലയിൽ നടത്തിയ സങ്കീർണ്ണമായ പരീക്ഷണത്തിലൂടെ നിക്കൽ ഫോം (Nickel Foam) എന്ന കറന്റ് കളക്ടറിലാണ് ഈ ഇലക്ട്രോഡ് മെറ്റീരിയൽ നിർമ്മിച്ചെടുത്തത്. ഇതിന്റെ ഇലക്ട്രോകെമിക്കൽ പെർഫോമൻസ് പഠനങ്ങൾ വലിയ വിജയകരമായി പരീക്ഷിച്ചു. ഇലക്ട്രിക് വാഹനങ്ങൾ, പുനരുപയോഗ ഊർജ്ജ സംവിധാനങ്ങൾ (Renewable Energy Systems), ബാക്കപ്പ് പവർ തുടങ്ങിയ പ്രയോഗങ്ങളിലേക്ക് ഈ സാങ്കേതികവിദ്യ വഴിതുറക്കുന്നു. 20 വർഷത്തേക്കാണ് ഈ പേറ്റന്റിന് സാധുതയുള്ളത്.
ചേർത്തല തൈക്കാട്ടുശേരിയിലെ റിട്ടയേർഡ് അധ്യാപക ദമ്പതികളായ ബാബു സിറിയക്കിന്റെയും മരിയ ജോണിന്റെയും മകളായ ഡോ. ക്രിസ്മ റോസ് ബാബു, തേവര സേക്രഡ് ഹാർട്ട് കോളേജിലെ എം.എസ്.സി പഠനത്തിന് ശേഷമാണ് പ്രൊഫ. അനിലയുടെ മാർഗ്ഗനിർദേശത്തിൽ പിഎച്ച്ഡി പൂർത്തിയാക്കിയത്. നിലവിൽ കളമശ്ശേരി കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ (CUSAT) ഫിസിക്സ് വിഭാഗത്തിൽ റൂസ (RUSA) പ്രോജക്റ്റിലെ പോസ്റ്റ് ഡോക്ടറൽ റിസർച്ചറാണ്. ഇടുക്കി മേരികുളം സ്വദേശി ബ്രിജിൽ ജോസഫാണ് ഡോ. ക്രിസ്മയുടെ ഭർത്താവ്. ആലുവ യു.സി കോളേജിലെ മുൻ അധ്യാപികയായ പ്രൊഫ. അനില ഇ.ഐ നിലവിൽ ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ ഫിസിക്സ് പ്രൊഫസറായി സേവനമനുഷ്ഠിക്കുന്നു.



















































