ബാങ്കോക്ക്: തോക്കിന്റെ ആകൃതിയിലുള്ള ലൈറ്റര്‍ ഉപയോഗിച്ച് ജനങ്ങളെ ഭയപ്പെടുത്തുകയും അസഭ്യംപറയുകയും ചെയ്തതിന് തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍ ഇന്ത്യന്‍ പൗരന്‍ അറസ്റ്റില്‍. സിയാം സ്‌ക്വയറില്‍, നൊവോടെല്‍ ഹോട്ടലിന് പുറത്ത് കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം.
സാഹില്‍ റാം തഡാനി എന്ന 41-കാരനാണ് അറസ്റ്റിലായതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.റോഡിലൂടെ അംഗവിക്ഷേപങ്ങളോടെ നൃത്തംചെയ്തും അസഭ്യപരാമര്‍ശം നടത്തിയും സാഹില്‍ നടക്കുന്നതിന്റെ വീഡിയോ ഇതിനകംതന്നെ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മാത്രമല്ല, തോക്കിന്റെ ആകൃതിയിലുള്ള ലൈറ്ററും സമീപത്തുള്ളവര്‍ക്കുനേരെ ചൂണ്ടുന്നുണ്ട്. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും ഇടപെട്ട് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു.
ഈ സമയത്ത്, പോലീസിനെ വിളിക്കൂ എന്ന് സാഹില്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളിലുണ്ട്. സാഹിലിനെ പിന്നീട് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ഇയാളുടെ കൈയിലുണ്ടായിരുന്നത് തോക്ക് ആയിരുന്നില്ലെന്നും തോക്കിന്റെ ആകൃതിയിലുള്ള ലൈറ്റര്‍ ആയിരുന്നുവെന്നും അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കഞ്ചാവിന്റെ ലഹരിയിലാകാം സാഹില്‍ ഇത്തരത്തില്‍ പെരുമാറിയതെന്നാണ് പോലീസിന്റെ നിഗമനം.