ന്യൂയോർക്ക്: ഇന്ത്യ സാമ്പത്തികമായി മുന്നേറുമ്പോൾ മറു സൈഡിൽ കടംവാങ്ങിക്കൂട്ടുകയാണ് പാക്കിസ്ഥാനെന്ന് ഇന്ത്യയുടെ യുഎൻ അംബാസഡർ പാർവഥനേനി ഹരിഷ്. യുഎൻ രക്ഷാസമിതിയിൽ നടന്ന യോഗത്തിലാണ് ഇന്ത്യ പാക്കിസ്ഥാനെ കണക്കറ്റ് വിമർശിച്ചത്.
സുരക്ഷ, സാമൂഹിക- സാമ്പത്തിക മാനദണ്ഡങ്ങളിൽ ഇന്ത്യ എങ്ങനെയാണ് മുന്നേറിയതെന്ന് വിശദീകരിച്ച പാർവഥനേനി, ഭീകരത, മതഭ്രാന്ത്, തുടർച്ചയായ കടം വാങ്ങൽ എന്നിവയിൽ മുങ്ങിക്കുളിച്ച രാജ്യമായി പാക്കിസ്ഥാൻ മാറിയെന്നും കുറ്റപ്പെടുത്തി.
ഇന്ത്യ ഉത്തരവാദിത്തമുള്ള രാജ്യവും ഐക്യരാഷ്ട്രസഭയുടെ സ്ഥാപക അംഗവുമാണ്. കൂടുതൽ സമാധാനപരവും സമൃദ്ധവും നീതിയുക്തവുമായ ഒരു ലോകത്തിനായി കൂട്ടായി പ്രവർത്തിക്കുന്നതിൽ എല്ലായ്‌പ്പോഴും ഐക്യരാഷ്ട്രസഭയിലെ പങ്കാളികളുമായി ക്രിയാത്മകമായി ഇടപഴകുന്ന രാജ്യമാണ്. തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിലുടെ അന്താരാഷ്ട്ര സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കു എന്ന വിഷയത്തിൽ രക്ഷാസമിതിയിൽ നടന്ന തുറന്ന ചർച്ചയിലാണ് ഇന്ത്യ പാക്കിസ്ഥാനെതിരെ വിമർശനങ്ങളുയർത്തിയത്.
ഇന്ത്യ വളരുന്ന സമ്പദ്വ്യവസ്ഥയാണ്, ബഹുസ്വരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു സമൂഹമാണ് ഇവിടെയുള്ളത്. മറുവശത്ത് മതഭ്രാന്തും ഭീകരതയും നിറഞ്ഞതും ഐഎംഎഫിൽ നിന്ന് തുടർച്ചയായി കടം വാങ്ങുന്നതുമായ ഒരു പാക്കിസ്ഥാനുണ്ട്,’ അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ അടിസ്ഥാന തത്വങ്ങളിൽ ഒന്നാണ് ഭീകരതയോട് ഒരു വിട്ടുവീഴ്ചയും കാണിക്കരുത് എന്നത്, അത് അംഗീകരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും വേണം, മറുവശത്ത്, പാക്കിസ്ഥാൻ ഒരിക്കലും അംഗീകരിക്കാനാകാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.