ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിന്‍റെ ഭാഗമായി ഇരു രാജ്യങ്ങളും അടുത്ത മാസം ആദ്യം തന്നെ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇന്ത്യൻ വിമാനക്കമ്പനികളോട് സർവീസുകൾ തയാറാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റിൽ ചൈനയിൽ നടക്കുന്ന എസ്‌സിഒ ഉച്ചകോടിക്ക് മുമ്പ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് മഹാമാരിയെത്തുടർന്ന് യാത്രാ വിമാന സർവീസുകൾ നിർത്തിവച്ചിരുന്നു. പിന്നീട് നയതന്ത്ര പ്രശ്നമടക്കം കാരണം സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. ഹോങ്കോംഗ്, സിംഗപ്പൂർ വഴിയായിരുന്നു യാത്ര.
ഇന്ത്യയും യുഎസും തമ്മിലുള്ള താരിഫ് യുദ്ധം രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ത്യയുടെയും ചൈനയുടെയും നീക്കം. അതേസമയം, അടുത്ത മാസം വാഷിംഗ്ടൺ ഡിസി സർവീസ് നിർത്തിവയ്ക്കുമെന്ന് തിങ്കളാഴ്ച എയർ ഇന്ത്യ അറിയിച്ചിരുന്നു. 2020 ലെ അതിർത്തി സംഘർഷങ്ങൾക്ക് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായിരുന്നു.
പക്ഷേ അടുത്തിടെ ചൈനീസ് പൗരന്മാർക്ക് ടൂറിസ്റ്റ് വിസ അനുവദിച്ചതോടെ ഇന്ത്യ അയഞ്ഞു. നേരത്തെ എയർ ഇന്ത്യ, ഇൻഡിഗോ, എയർ ചൈന, ചൈന സതേൺ, ചൈന ഈസ്റ്റേൺ എന്നിവ നേരിട്ടുള്ള സർവീസുകൾ നടത്തിയിരുന്നു. എയർ ഇന്ത്യയും ഇൻഡിഗോയും ചൈന സർവീസുകൾ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.