പെഹൽഗാം ഭീകരാക്രമണത്തിന് പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകിയ ഇന്ത്യയുടെ നടപടിയെ അപലപിച്ച് അഞ്ചാം പാതിര, ടർബോ സിനിമകളിലെ നടി ആമിന നിജാം. അതേസമയം ഓപ്പറേഷൻ സിന്ദൂറിനെതിരെ ആമിന ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച കുറിപ്പുകൾ ചർച്ചയാവുകയാണ്. പഹൽഗാം ആക്രമണത്തിന് പ്രതികാരം ചെയ്തുവെന്ന് കരുതുന്ന ആളുകൾ ശരിക്കും മാനിപുലേറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. താൻ ഇതിനെ പിന്തുണയ്ക്കുന്നില്ല എന്നാണ് ആമിന ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.
”അതേ, ഞാൻ ലജ്ജിക്കുന്നു, നിരവധി ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരം കിട്ടാതിരിക്കുമ്പോഴും, രാജ്യം അതിന്റെ സാമ്പത്തികാവസ്ഥയിൽ ഏറ്റവും മോശപ്പെട്ട സാഹചര്യത്തിൽ നിൽക്കുമ്പോഴും എന്റെ രാജ്യം കൊലയെ ഒരു പരിഹാരമായി കാണുന്നതിൽ ഞാൻ ലജ്ജിക്കുന്നു. യുദ്ധമോ കൊലപാതകങ്ങളോ സമാധാനം കൊണ്ടുവരില്ല എന്നത് ഓർക്കുക.”
”ഞാൻ ഇതിനെ പിന്തുണയ്ക്കില്ല. പഹൽഗാം ആക്രമണത്തിന് പ്രതികാരം ചെയ്തുവെന്ന് കരുതുന്ന ആളുകൾ ശരിക്കും മാനിപുലേറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. നമ്മൾ കടന്നു പോകുന്ന ഈ യുദ്ധത്തിൽ നഷ്ടം സാധാരണക്കാർക്ക് മാത്രമാണ്. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ചിന്തിക്കുന്ന ഒരു ഇന്ത്യക്കാരിയാണ് ഞാൻ, അല്ലാതെ ഈഗോ വ്രണപ്പെടുമ്പോൾ മാത്രം സംസാരിക്കുന്നവളല്ല” എന്നാണ് ആമിനയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി.
മാത്രമല്ല, പാക്കിസ്ഥാൻ ഇന്റർനെറ്റ് സെലിബ്രിറ്റിയായ റോസി പിരാനിയുടെ കുറിപ്പ് കൂടി ആമിന നിജാം പങ്കുവച്ചു. ഇന്ത്യ ആക്രമിച്ചത് സാധാരണക്കാരെയാണ് എന്ന് പറയുന്ന കുറിപ്പും ചിത്രവുമാണ് ആമിന ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചത്. ”ഇന്ന് ഇന്ത്യ ലക്ഷ്യമിട്ട പാക്കിസ്ഥാൻ ”തീവ്രവാദികളിൽ’ ഒരാളായിരുന്നു ഈ പെൺകുട്ടി.”
”സാധാരണക്കാർ താമസിച്ചിരുന്ന പ്രദേശങ്ങൾ ആയിരുന്നു ഇന്ത്യ ആക്രമിച്ചത്. ഉറങ്ങി കിടക്കുന്ന ജനങ്ങൾക്ക് നേരെയാണ് ഇന്ത്യ ബോംബ് എറിഞ്ഞത്. ഭീരുക്കൾ ” എന്ന റോസിയുടെ കുറിപ്പാണ് ആമിന പങ്കുവച്ചിരിക്കുന്നത്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. ‘ടർബോ’, ‘അഞ്ചാം പാതിര’, ‘ടർക്കിഷ് തർക്കം’ എന്നീ സിനിമകളിൽ അഭിനയിച്ച നടിയാണ് ആമിന നിജാം.