നവിമുംബൈ: വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ കന്നി കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയ്ക്ക് 3 വിക്കറ്റുകൾ നഷ്ടമായി. ഓപ്പണർ സ്മൃതി മന്ഥന (58 പന്തിൽ 45) ആണ് ആദ്യം പുറത്തായത്. 18–ാം ഓവറിൽ ക്ലോയി ട്രയോണിന്റെ പന്തിൽ വിക്കറ്റ് കീപ്പർ സിനാലോ ജാഫ്തയാണ് സ്മൃതിയെ കയ്യിലൊതുക്കിയത്. അതേസമയം സെഞ്ചുറിയിലേക്ക് കുതിച്ചുകൊണ്ടിരുന്ന ഷെഫാലി വർമ (78 പന്തിൽ 87) യും പുറത്തായി. സുനെ ലൂസിന്റെ പന്തിൽ അയബോംഗ ഖാക്കയുടെ കയ്യിലൊതുങ്ങുകയായിരുന്നു ഷെഫാലി.പിന്നാലെ മൂന്നാമതായി കളത്തിലിറങ്ങിയ സെമി ഫൈനലിലെ ഹീറോ ജമിമ റോഡ്രിഗ്സ് വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കുമെന്ന് കരുതിയെങ്കിലും 37 പന്തിൽ 24 റൺസുമായി പുറത്തായി. ഖാക്കതന്നെയാണ് മനോഹരമായൊരു ക്യാച്ചിലൂടെ ജമിമയെ പുറത്താക്കിയത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 36.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 196 എന്ന നിലയിലാണ്. 15 റൺസുമായി ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും 19 റൺസുമായി ദീപ്തി ശർമയുമാണ് ക്രീസിൽ.
അതേസമയം ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം നൽകിയ ശേഷമാണ് മന്ദാന മടങ്ങിയത്. ഒന്നാം വിക്കറ്റിൽ മന്ദാന – ഷെഫാലി സഖ്യം 104 റൺസ് ചേർത്തിരുന്നു. 49 പന്തിലാണ് ഷെഫാലി അർധസെഞ്ചുറി പിന്നിട്ടത്. പവർപ്ലേയിൽ അവസാനിച്ചപ്പോൾ 64/0 എന്ന നിലയിലായിരുന്നു ഇന്ത്യ. എട്ടു ഫോറാണ് സ്മൃതിയുടെ ബാറ്റിൽനിന്നു പിറന്നത്.
ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോൾവാർട്ട് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. സെമി ഫൈനൽ വിജയിച്ച അതേ പ്ലേയിങ് ഇലവനുമായിട്ടാണ് കലാശപ്പോരിലും ഇന്ത്യ ഇറങ്ങിയത്.
ഇന്ത്യ: ഷഫാലി വർമ, സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), ദീപ്തി ശർമ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), അമൻജോത് കൗർ, രാധാ യാദവ്, ക്രാന്തി ഗൗഡ്, ശ്രീ ചരണി, രേണുക സിങ് താക്കൂർ.
ദക്ഷിണാഫ്രിക്ക: ലോറ വോൾവാർഡ് (ക്യാപ്റ്റൻ), ടാസ്മിൻ ബ്രിട്ട്സ്, അനെകെ ബോഷ്, സുനെ ലൂസ്, മരിസാൻ കാപ്പ്, സിനാലോ ജഫ്ത (വിക്കറ്റ് കീപ്പർ), ആനെറി ഡെർക്സെൻ, ക്ലോ ട്രയോൺ, നദീൻ ഡി ക്ലർക്ക്, അയബോംഗ ഖാക്ക, നോങ്കുലുലെക്കോ മ്ലാബ.


















































