ബംഗളൂരു: ഭാര്യയ്ക്ക് അവിഹിതമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ബെംഗളൂരുവില്‍ 21കാരിയെ ഭര്‍ത്താവ് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായി പരാതി. സിഞ്ചന എന്ന ഇരുപത്തൊന്നുകാരിയാണ് ഭര്‍ത്താവ് രേണുകയ്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മദ്യ ലഹരിയിലായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.
ബെംഗളൂരുവിലെ കഗ്ഗാലിപുര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഭാര്യയുടെ സ്വഭാവശുദ്ധിയെക്കുറിച്ച് രേണുകയ്യക്ക് സംശയമുണ്ടായിരുന്നുവെന്നും ഇതേച്ചൊല്ലി ഇവര്‍ക്കിടയില്‍ വഴക്ക് പതിവായിരുന്നുവെന്നും ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കി. വെള്ളിയാഴ്ച മദ്യപിച്ചെത്തിയ രേണുകയ്യ സിഞ്ചനയുമായി വഴക്കിടുകയും ഇതിനിടെ പ്രകോപിതനായ യുവാവ് കല്ലെടുത്ത് സിഞ്ചനയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പറയുന്നു.
സിഞ്ചന സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൊലപാതകത്തിന് ശേഷം രേണുകയ്യ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കെതിരെ കൊലപാതകത്തിന് കേസെടുത്ത പൊലീസ് ഇയാളെ തെരഞ്ഞുകൊണ്ടിരിക്കുകയാണെന്ന് അറിയിച്ചു.
















































