ബംഗളൂരു∙ ഭാര്യയെ കൊന്ന് മൃതദേഹം പെട്ടിയിലാക്കി നാടുവിട്ട ഭർത്താവ് പിടിയിൽ. മഹാരാഷ്ട്ര സ്വദേശി ഗൗരി അനിൽ സംബേകറെയാണ് (32) രാകേഷ് കൊലപ്പെടുത്തിയത്. ഇയാളെ പുണെയിൽനിന്നു കസ്റ്റഡിയിലെടുത്തു. ഹുളിമാവിലെ ദൊട്ട കമ്മനഹള്ളിയിലെ ഫ്ലാറ്റിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഗൗരിയുടെ മാതാപിതാക്കളെ താൻ മകളെ കൊന്നതായി പ്രതി അറിയിച്ചിരുന്നു. ഈ വിവരം ഗൗരിയുടെ കുടുംബം പുണെ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് വിവരം ബെംഗളൂരു പൊലീസിന് കൈമാറുകയായിരുന്നു.
‘‘ഹുളിമാവിലെ വീട്ടിൽ ഒരാൾ തൂങ്ങിമരിച്ചെന്ന് പൊലീസ് കൺട്രോൾ റൂമിലേക്ക് വിവരം ലഭിച്ചു. ഹുളിമാവ് പൊലീസ് സ്ഥലത്തെത്തിയപ്പോൾ വീട് പൂട്ടിയനിലയിലായിരുന്നു. കതകു ചവിട്ടി തുറന്നാണ് ഉദ്യോഗസ്ഥർ അകത്തുകയറിയത്. തുടർന്നു നടത്തിയ പരിശോധനയിൽ മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിനു പഴക്കമുണ്ടായിരുന്നില്ല. പരിക്കേറ്റതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മരണകാരണം വ്യക്തമാകും’’. – മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ പറഞ്ഞു.
ഫോൺ ട്രാക്ക് ചെയ്താണ് രാകേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടു വർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. ഐടി മാനേജറായ രാകേഷിന്റെ ജോലി ആവശ്യത്തെ തുടർന്ന് രണ്ടു മാസം മുൻപാണ് ഇരുവരും ബെംഗളൂരുവിലെത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.