ലണ്ടൻ: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് അടഞ്ഞുകിടക്കുന്ന ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ നാൽപതിലധികം രാജ്യങ്ങളുടെ നയതന്ത്രജ്ഞർ യോഗം ചേർന്നു. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പറിന്റെ നേതൃത്വത്തിൽ നടന്ന വെർച്വൽ യോഗത്തിൽ ഇന്ത്യയും പങ്കെടുത്തു. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ സെക്രട്ടറിവിക്രം മിസ്രി പങ്കെടുത്തതായി കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു. അതേസമയം, യുഎസ് ഈ യോഗത്തിൽ പങ്കെടുത്തില്ല.
ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ നടപടി ആഗോള സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചുവെന്നാണ് ബ്രിട്ടൻ ആരോപിച്ചത്. കടലിടുക്ക് സുരക്ഷിതമാക്കുന്നത് അമേരിക്കയുടെ മാത്രം ചുമതലയല്ലെന്ന നിലപാട് ഡൊണാൾഡ് ട്രംപ് മുൻപ് വ്യക്തമാക്കിയിരുന്നു. ഇറാൻ വിഷയത്തിൽ യൂറോപ്യൻ സഖ്യകക്ഷികൾ ആവശ്യമായ പിന്തുണ നൽകിയില്ലെന്നാരോപിച്ച് ട്രംപ് വിമർശനവും ഉന്നയിച്ചിരുന്നു.
ഹോർമുസ് വീണ്ടും തുറക്കുന്നതിനായി സൈനിക മാർഗങ്ങൾക്കുപകരം നയതന്ത്രപരമായ ഇടപെടലുകൾക്ക് മുൻഗണന നൽകണമെന്നും ബ്രിട്ടൻ നിലപാട് എടുത്തു. എണ്ണയും ഭക്ഷ്യവസ്തുക്കളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ അടിസ്ഥാനവിലകളിലെ കുതിച്ചുകയറ്റം ലോകമെമ്പാടുമുള്ള ജനങ്ങളെയും വ്യവസായങ്ങളെയും ബാധിക്കുന്നുണ്ടെന്ന് യെവെറ്റ് കൂപ്പർ ചൂണ്ടിക്കാട്ടി.
ഫെബ്രുവരി 28ന് ആരംഭിച്ച സംഘർഷത്തിന് ശേഷം ഹോർമുസ് പ്രദേശത്തും സമീപ കടൽപാതകളിലും വാണിജ്യ കപ്പലുകൾക്ക് നേരെ നിരവധി ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചില സംഭവങ്ങളിൽ ജീവനാശവും ഉണ്ടായിട്ടുണ്ട്. കപ്പൽഗതാഗതം ഗണ്യമായി കുറഞ്ഞതായും, ഇറാനിയൻ എണ്ണ കൊണ്ടുപോകുന്ന കപ്പലുകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും വിലയിരുത്തപ്പെടുന്നു.
നാൽപതിലധികം രാജ്യങ്ങൾ പങ്കെടുത്ത ഈ യോഗത്തിൽ കടലിടുക്ക് സുരക്ഷിതമായി വീണ്ടും തുറക്കുന്നതിനുള്ള ആഗോളതലത്തിലുള്ള നയതന്ത്ര നടപടികളും ചർച്ച ചെയ്തു. യുദ്ധത്തിന്റെ ഭാഗമായി കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് കപ്പലുകളിലെയും നാവികരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾക്കും പ്രത്യേക പ്രാധാന്യം നൽകിയതായി ബ്രിട്ടൻ അറിയിച്ചു.















































