ഹുബ്ബള്ളി: ധാർവാഡിലെ ഇനം വീരാപുർ ഗ്രാമത്തിൽ ദുരഭിമാന കൊലപാതകം. ആറുമാസം ഗർഭിണിയായ മകളെ പിതാവും ബന്ധുക്കളും ചേർന്ന് ഇരുമ്പുപൈപ്പിന് അടിച്ചുകൊലപ്പെടുത്തി. മർദനമേറ്റ് മാണ്യ പാട്ടീൽ (20) ആണ് മരണപ്പെട്ടതെന്ന് പൊലീസ് തിങ്കളാഴ്ച അറിയിച്ചു.
ധാർവാഡ് എസ്.പി. ഗുഞ്ചൻ ആര്യ പറയുന്നതു പ്രകാരം, തിങ്കളാഴ്ച വൈകിട്ട് 6.30 ഓടെയാണ് ആക്രമണം നടന്നത്. 20 വയസുള്ള മാണ്യയാണ് കൊല്ലപ്പെട്ടത്. പിതാവും സഹോദരനുമടക്കം മൂന്നു പേർ ചേർന്നാണ് ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നു. അന്വേഷണം പുരോഗമിക്കുകയാണ്- എസ്.പി. പറഞ്ഞു. ആക്രമണത്തിനിടെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ചാണ് മാണ്യയെ മർദിച്ചതെന്നും പോലീസ് വ്യക്തമാക്കി.
ആക്രമണം തടയാൻ ശ്രമിച്ച മാണ്യയുടെ അമ്മായിയമ്മ, അമ്മായിയപ്പൻ, സഹോദരി എന്നിവർക്കും പരുക്കേറ്റിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പ്രകാശ്, വീരൻ, അരുൺ എന്നീ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
വിവാഹവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമെന്ന സൂചനകളുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് മുമ്പ് ഗൗരവമായ പരാതികളൊന്നും ലഭിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷമേ അന്തിമ നിഗമനത്തിലെത്തുകയുള്ളുവെന്നും എസ്പി അറിയിച്ചു.
















































