ഷിംല: ഹിമാചൽ പ്രദേശിലുണ്ടായ മേഘവിസ്ഫോടനത്തിലും മിന്നൽ പ്രളയത്തിലും ഒട്ടേറെ പാലങ്ങൾ ഒലിച്ചുപോയി. ഷിംല, ലഹൗൾ, സ്പിതി ജില്ലകളിലെ പാലങ്ങളാണു ഒലിച്ചുപോയത്. ഇവിടങ്ങളിലെ രണ്ട് ദേശീയപാതകളടക്കം മുന്നൂറോളം റോഡുകൾ അടച്ചു. സത്‌ലജ് നദിക്കു കുറുകെയുള്ള പാലവും മുങ്ങിയതായാണ് റിപ്പോർട്ട്. ഒരാൾക്ക് പരുക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി സൈന്യം രംഗത്തിറങ്ങി. ഇതുവരെ നാലു പേരെ രക്ഷപ്പെടുത്തിയതായി സൈന്യം അറിയിച്ചു.
അതേസമയം കിന്നാവുർ ജില്ലയിലെ ഋഷി ഡോഗ്രി താഴ്‌വരയ്ക്ക് സമീപമുണ്ടായ മേഘവിസ്ഫോടനമാണ് മിന്നൽ പ്രളയത്തിനു കാരണമായത്. ദുർഘടമായ ഭൂപ്രദേശവും മോശം കാലാവസ്ഥ തുടരുന്നതും രക്ഷാപ്രവർത്തനം മന്ദഗതിയിലാക്കുന്നുണ്ട്. ഗൻവി മേഖലയിൽ ഒരു പോലീസ് പോസ്റ്റ് ഒലിച്ചുപോയി. അതുപോലെ ബസ് സ്റ്റാൻഡും സമീപത്തുണ്ടായിരുന്ന കടകൾക്കും കേടുപാടുകളുണ്ടായി. രണ്ട് പാലങ്ങൾ ഒലിച്ചുപോയതോടെ ഷിംല ജില്ലയിലെ കൂട്ട്, ക്യാവ് മേഖലകൾ ഒറ്റപ്പെട്ടതായി അധികൃതർ പറഞ്ഞു. എന്നാൽ ഇതുവരെ കൂടുതൽ ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഇതിനിടെ ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുകയാണ്. ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡൽഹിയിൽ ഗാസിയാബാദ്, ഗുരുഗ്രാം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഇതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. 17 വരെ മഴ തുടരുമെന്നാണ് പ്രവചനം. ഉത്തർപ്രദേശിൽ ബറേലി, ലഖിംപുർ, പിലിഭിട്ട്, ഷാജഹാൻപുർ, ബഹ്റൈച്ച്, സിതാപുർ, ശ്രാവസ്തി, ബൽറാംപുർ, സിദ്ധാർഥ് നഗർ, ഗോണ്ട, മഹാരാജ് ഗഞ്ച് എന്നിവിടങ്ങളിൽ അതിതീവ്ര മഴ മുന്നറിയിപ്പ് നൽകി. മഴയിൽ ലക്നൗ നഗരവും വെള്ളത്തിലായി റിപ്പോർട്ട്.