റ്റിബിലിസി: അമേരിക്കയിൽ ഏഴു വർഷം മുമ്പ് കാണാതായ കുട്ടിയെ മോഷണ ശ്രമത്തിനിടെ കണ്ടെത്തി. കാണാതായ കുട്ടിയെ മാതാവിനും രണ്ടാനച്ഛനുമൊപ്പമാണ് കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ മാതാവാണെന്ന് പോലീസ് പറഞ്ഞു. കൊളറാഡോയിലാണ് സംഭവം. മാതാവിനും രണ്ടാനച്ഛനുമെതിരെ പോലീസ് കേസെടുത്തു.
ആറ് വയസ് പ്രായമുള്ളപ്പോളായിരുന്നു അബ്ദുൾ അസീസ് ഖാനെ കാണാതാകുന്നത്. 2017 നവംബർ 27നായിരുന്നു സംഭവം. വിവാഹമോചനം നേടി കോടതി നിർദേശപ്രകാരം പിതാവ് അസീസ് ഖാനൊപ്പം പോകാൻ നിൽക്കുകയായിരുന്നു കുട്ടി. ഇതിനിടെയാണ് കുട്ടിയെ കാണാതാകുന്നത്. നെറ്റ്ഫ്‌ളിക്‌സിലെ അൺസോൾവ്ഡ് മിസ്റ്ററീസ് എന്ന ഡോക്യുമെന്ററി സീരിസിൽ ഈ കേസ് അടുത്തിടെ അവതരിപ്പിക്കുകയും ചെയ്തിരുന്നു.
ഫെബ്രുവരി 23 ന് നടന്ന് കൊളറാഡോയിലെ ഹൈലാന്റ്‌സ് റാഞ്ചിലെ ഒരു വീട്ടിൽ മോഷണക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഈ കേസിന്റെ ചുരുളഴിഞ്ഞത്. വിൽപനയ്ക്ക് വച്ച വീട്ടിൽ ആരോ അതിക്രമിച്ച് കടന്നത് സെക്യൂരിറ്റി ക്യാമറയിൽ കണ്ട വീട്ടുടമ പോലീസിനെ വിവരമറിയിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ വീടിനകത്ത് രണ്ടുപേരയും പുറത്ത് വാഹനത്തിൽ കാത്തിരിക്കുന്ന രണ്ട് കുട്ടികളെയും കണ്ടെത്തി.
കുട്ടിയുടെ മാതാവ്റാബിയ ഖാലിദ്, ഭർത്താവ് എലിയറ്റ് ബൂർജ്വ എന്നിവരെയാണ് വീടിനുള്ളിൽ പോലീസ് കണ്ടെത്തിയത്. റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ ജോലിചെയ്യുന്ന ഇരുവരുടെയും മൊഴികളിലെ പൊരുത്തക്കേടുകൾ പോലീസ് സംശയമുണ്ടാക്കി. തുടർന്നുള്ള ചോദ്യംചെയ്യലിലാണ് കാറിലിരിക്കുന്ന കുട്ടികളിലൊരാൾ ഏഴ് വർഷം മുമ്പ് കാണാതായ അബ്ദുൾ അസീസ് ഖാലിദാണെന്ന് തിരിച്ചറിഞ്ഞത്.
തുടർന്ന് നടന്ന അന്വേഷണത്തിൽ കുട്ടിയെ മാതാവ് റാബിയ ഖാലിദ് തട്ടിക്കെണ്ടുപോവുകയായിരുന്നെന്നാണ് പോലീസ് കണ്ടെത്തി. തട്ടിക്കൊണ്ടുപോകൽ, വ്യാജരേഖ ചമയ്ക്കൽ, തെറ്റായ വിവരങ്ങൾ നൽകൽ, അതിക്രമിച്ചു കടക്കൽ എന്നിവയുടെ പേരിൽ റാബിയ ഖാലിദിനും ഭർത്താവിനുമെതിരെ പോലീസ് കേസെടുത്തു. അബ്ദുൾ അസീസും പോലീസ് കണ്ടെത്തിയ രണ്ടാമത്തെ കുട്ടിയും പോലീസ് സംരക്ഷണയിലാണ്. തുടർ നടപടികൾ കോടതി തീരുമാനിക്കും. വർഷങ്ങൾക്ക് ശേഷം മകനെ തിരിച്ചുകിട്ടിയതിന്റെ സന്തോഷം അസീസ് ഖാന്റെ കുടുംബം പങ്കുവച്ചു.