കൊച്ചി: പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തെ തുടർന്നു രണ്ടുദിവസം മുൻപ് അടച്ച സെൻറ് റീത്താസ് പബ്ലിക് സ്കൂൾ തുറന്നു. അതേസമയം ഹിജാബ് ധരിക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയ എട്ടാം ക്ലാസുകാരിയായ വിദ്യാർഥിനി ഇന്ന് സ്കൂളിൽ എത്തിയില്ല. ആരോഗ്യ പ്രശ്നങ്ങൾ കാരണം അവധിയെടുത്തതാണെന്ന് രക്ഷിതാവ് വ്യക്തമാക്കിയത്. സ്കൂളിന്റെ നിയമാവലി പാലിക്കാമെന്നും തുടർന്നും കുട്ടിയെ ഈ സ്കൂളിൽ പഠിപ്പിക്കാനാണ് ആഗ്രഹമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞതായി ഹൈബി ഈഡൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.
ഹൈബി ഈഡൻ എംപിയുടെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെയും മധ്യസ്ഥതയിൽ രക്ഷിതാവും സ്കൂൾ മാനേജ്‌മെന്റ് പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചക്ക് ശേഷമായിരുന്നു പ്രതികരണം. അതുപോലെ സ്കൂൾ നിർദേശിക്കുന്ന യൂണിഫോം ധരിക്കാൻ തയ്യാറാണെന്നും വർഗീയവാദികൾക്ക് ഇടം ഉണ്ടാക്കിക്കൊടുക്കില്ലെന്നും അനസ് വ്യക്തമാക്കി. ബിജെപി ആർഎസ്എസ് ശക്തികൾ ബോധപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചെന്നും വർഗീയമായ ഭിന്നിപ്പ് ഉണ്ടാക്കാൻ ആരെയും അനുവദിക്കില്ലെന്നും ഹൈബി ഈഡൻ എം പി പറഞ്ഞു.
കഴിഞ്ഞ ദിവസം ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസിൽ കയറ്റാതെ പുറത്തുനിർത്തിയ സംഭവത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ടതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. തുടർന്നു വിദ്യാർത്ഥിനിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ അന്വേഷണം നടത്തുകയും സ്കൂൾ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയും ചെയ്തിരുന്നു.
വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട് പ്രകാരം, വിദ്യാർത്ഥിനിയെ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ ക്ലാസിൽ നിന്ന് പുറത്താക്കിയത് ഗുരുതരമായ കൃത്യവിലോപവും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനവുമാണ്. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന പൗരന്റെ മൗലികമായ മതാചാര സ്വാതന്ത്ര്യത്തിന് വിരുദ്ധമായ നടപടിയാണ് സ്കൂളിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.