കൊച്ചി: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് വിലക്ക് വീണ്ടും നീട്ടി ഹൈക്കോടതി. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഈ മാസം 21 വരെയാണ് ഹൈക്കോടതി നീട്ടിയത്.
ഇതിനിടെ മുൻകൂർ ജാമ്യാപേക്ഷയിൽ പരാതിക്കാരിയെ കോടതി കക്ഷി ചേർത്തു. മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് കക്ഷി ചേരാനുള്ള പരാതിക്കാരിയുടെ അപേക്ഷ ജസ്റ്റിസ് എ ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. ഇതോടെ മുൻകൂർ ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി മറുപടി സത്യവാങ്മൂലം നൽകും. മറുപടി സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി രണ്ടാഴ്ച സമയം നൽകിയിട്ടുണ്ട്.
അതേസമയം താൻ നൽകിയ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യാൻ പോലീസ് തയ്യാറാകുന്നില്ലെന്ന് കാണിച്ച് കേസിലെ പരാതിക്കാരിയുടെ ഭർത്താവ് രംഗത്തെത്തിയിരുന്നു. കുടുംബപ്രശ്നത്തിൽ ഇടപെടാനെന്ന് പറഞ്ഞ് എത്തിയ രാഹുൽ തന്റെ കുടുംബ ജീവിതം തകർത്തുവെന്നും ഇയാൾ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയെങ്കിലും തുടർ നടപടി ഉണ്ടായില്ലെന്നും യുവാവ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. രാഹുലിന്റെ എംഎൽഎ സ്ഥാനമാണ് കോൺഗ്രസ് ആദ്യം രാജിവെപ്പിക്കേണ്ടതെന്നും യുവാവ് ആവശ്യപ്പെട്ടു.

















































