ന്യൂഡൽഹി ∙ മുംബൈ ആക്രമണത്തിനുശേഷവും ഇന്ത്യയിൽ കൂടുതൽ ആക്രമണങ്ങൾ നടത്താൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയും തഹാവൂർ റാണയും ഗൂഢാലോചന നടത്തിയെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തി. 2009 ജുലൈക്കും സെപ്റ്റംബറിനുമിടയിലായിരുന്നു ഇത്.മുംബൈ സ്ഫോടനത്തിനു ശേഷം 2009 ൽ ഹെഡ്‌ലി വീണ്ടും ഇന്ത്യയിലെത്തി. യാത്രയ്ക്കിടെ, താൻ അറസ്റ്റിലായാൽ എന്തൊക്കെ ചെയ്യണമെന്ന ഇമെയിൽ റാണയ്ക്ക് അയച്ചു. വിവിധ നഗരങ്ങളിൽ അടുത്ത ആക്രമണത്തിനുള്ള ലക്ഷ്യങ്ങൾ നിരീക്ഷിച്ചാണു മടങ്ങിയത്. ഇന്ത്യയിൽ വീണ്ടും ആക്രമണത്തിനുള്ള പദ്ധതികളെപ്പറ്റിയും റാണയോടു ഹെഡ്‌ലി വിവരിച്ചിരുന്നു.
മുംബൈ ആക്രമണം നടത്താനുള്ള ലഷ്കറെ തയിബയുടെ പദ്ധതിയെ പറ്റി ഇരുവരും ആദ്യം ചർച്ച നടത്തിയത് 2006 ജൂണിൽ ഷിക്കാഗോയിലാണ്. ഇന്ത്യയിലെ ആക്രമണസ്ഥാനങ്ങൾ കണ്ടെത്തുകയും നിരീക്ഷണം നടത്തി വിശദാംശങ്ങൾ ശേഖരിക്കുകയുമായിരുന്നു ഹെഡ്‌ലിയുടെ ചുമതല. ഹെഡ്‌ലിയുടെ യാത്രയ്ക്കുവേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തിയത് റാണയായിരുന്നു. ഹെഡ്‌ലി 2006 നും 2008 നും ഇടയിൽ ഇന്ത്യയിലെത്തി. കൊച്ചി ഉൾപ്പെടെ നിരവധി നഗരങ്ങൾ ഹെഡ്‌ലി സന്ദർശിച്ചു.
ഇന്ത്യയിലെ ജയിൽ വധശിക്ഷയ്ക്ക് തുല്യമെന്ന് റാണ
ന്യൂഡൽഹി ∙ മുംബൈ ഭീകരാക്രമണത്തിൽ റാണയുടെ പങ്കിനെ പറ്റി കാര്യമായ വിവരം തുടക്കത്തിൽ അന്വേഷണ ഏജൻസികൾക്കു ലഭിച്ചിരുന്നില്ല. യുഎസിൽ ഹെഡ്‌ലിയും റാണയും പിടിയിലായതിനെ തുടർന്ന് ഇരുവരെയും പ്രതി ചേർത്തു. ഇന്ത്യയ്ക്കു കൈമാറുന്നതിനെതിരെ റാണ യുഎസ് കോടതികളെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കടുത്ത അസുഖങ്ങളുള്ളതിനാൽ, ഇന്ത്യയിൽ തടവിൽ കഴിയുന്നതു വധശിക്ഷയ്ക്കു തുല്യമാകുമെന്നാണ് റാണ യുഎസ് കോടതിയിൽ വാദിച്ചത്. ഹൃദ്രോഗം, പാർക്കിൻസൺസ്, മൂത്രാശയ കാൻസർ, വൃക്കരോഗം, ആസ്മ എന്നിവയ്ക്കു പുറമേ കോവിഡിന്റെ പാർശ്വഫലങ്ങളും തനിക്കുണ്ടെന്നാണു റാണ വാദിച്ചത്.