ന്യൂഡല്‍ഹി: കേന്ദ്രആരോഗ്യമന്ത്രി ജെ പി നദ്ദയുമായി ആശ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വിഷയത്തില്‍ ചര്‍ച്ച നടത്തിയതായി മന്ത്രി വീണ ജോര്‍ജ്. ആശ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് ഉയര്‍ത്തുന്ന കര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്രആരോഗ്യമന്ത്രി അറിയിച്ചു. ഇന്‍സന്റീവ് കേന്ദ്രം വര്‍ധിപ്പിച്ചാല്‍ സംസ്ഥാനവും വര്‍ധിപ്പിക്കുമെന്നും വീണ ജോര്‍ജ് വ്യക്തമാക്കി. ആശാവര്‍ക്കര്‍മാരുമായി സംസ്ഥാന സര്‍ക്കാരിന്റെ ചര്‍ച്ച ഉണ്ടാകുമെന്നും ജെപി നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വീണ ജോര്‍ജ് പറഞ്ഞു. അതേസമയം ഓണറേറിയം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല.
ആശാവര്‍ക്കര്‍മാരുടെ വിഷയം കുടിക്കാഴ്ചയില്‍ പ്രധാന ചര്‍ച്ചയായി. പോസിറ്റീവ് ചര്‍ച്ചയായിരുന്നു ഇതെന്നും വീണ ജോര്‍ജ് പ്രതികരിച്ചു. ആശാവര്‍ക്കര്‍മാരെ സന്നദ്ധ സേവകര്‍ എന്നത് മാറ്റി തൊഴിലാളികളായി പ്രഖ്യാപിക്കണം. അതില്‍ കേന്ദ്രമാണ് തീരുമാനം എടുക്കേണ്ടത് എന്ന് മന്ത്രി പറഞ്ഞു. കേരളത്തിന് ലഭിക്കാനുള്ള കുടിശ്ശികയുമായി ബന്ധപ്പെട്ട കാര്യം പരിശോധിക്കാം എന്നും ജെപി നദ്ദ അറിയിച്ചു. എയിംസ് കേരളത്തിന് ലഭിക്കും എന്ന ഉറപ്പ് ലഭിച്ചു. കേന്ദ്രവുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ആശവര്‍ക്കര്‍മാരെ അറിയിക്കുന്നത് സര്‍ക്കാര്‍ പരിശോധിക്കും. എല്ലാവരുമായി ചര്‍ച്ച നടത്തണം എന്ന് ഐഎന്‍ടിയുസി ആവശ്യപ്പെട്ടിട്ടുണ്ട്. ആ ചര്‍ച്ച മൂന്ന് ദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. പാര്‍ലമെന്റില്‍ എത്തിയാണ് ജെ പി നദ്ദയുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് കൂടിക്കാഴ്ച നടത്തിയത്.
അതേസമയം വീണ ജോര്‍ജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി നടത്തിയ ചര്‍ച്ചയില്‍ പുതുതായി ഒന്നുമില്ലെന്ന് കേരള ആശാ ഹെല്‍ത്ത് വര്‍ക്കേർസ് അസോസിയേഷന്‍ പ്രതികരിച്ചു. കേന്ദ്രം ഇന്‍സെന്റീവ് വര്‍ധിപ്പിക്കുന്ന കാര്യമാണ് മന്ത്രി പറയുന്നത്. അത് നേരത്തേ തന്നെ കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞിട്ടുള്ള കാര്യമാണ്. ഓണറേറിയം വര്‍ധിപ്പിക്കുന്ന കാര്യം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്നും അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ബിന്ദു പറഞ്ഞു. സംസ്ഥാനത്താണ് അതു സംബന്ധിച്ച് ചര്‍ച്ച നടത്തേണ്ടത്. അതില്‍ കൃത്യമായ നിലപാട് പറയാതെ ഇപ്പോഴും 60, 40 അനുപാതത്തിന്റെ കാര്യം പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ നിലപാടുകള്‍ പ്രശ്നം പരിഹരിക്കാനുള്ള അഭിപ്രായമല്ല. ഐഎന്‍ടിയുസിയുടെ പേരില്‍ ആണെങ്കിലും ചര്‍ച്ച നടക്കുന്നതില്‍ എതിര്‍പ്പില്ല. സമരത്തിന്റെ ഫലമായി സംസ്ഥാന-കേന്ദ്രമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയെന്നത് അഭിമാനകരമാണെന്നും ബിന്ദു പറഞ്ഞു. ഓണറേറിയം വര്‍ധിപ്പിക്കല്‍, വിരമിക്കല്‍ ആനുകൂല്യം തുടങ്ങിയ ആവശ്യങ്ങളെക്കുറിച്ച് മന്ത്രി വീണാ ജോര്‍ജ് ഒരക്ഷരം പോലും പ്രതികരിച്ചിട്ടില്ലെന്ന് സമരസമിതി നേതാവ് എസ് മിനി വിമര്‍ശിച്ചു.
Health Minister Veena George’s Response After Meeting With Central Minister