കണ്ണൂർ: പരിയാരം ഗവ. മെഡിക്കൽ കോളZജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ആരോഗ്യമന്ത്രി വീണാ ജോർജിനൊപ്പം സെൽഫി എടുത്ത സംഭവം വിവാദമായതോടെ വിശദീകരണവുമായി ആരോഗ്യപ്രവർത്തക പി.സി. സ്മിത. കുറഞ്ഞ മണിക്കൂറുകൾക്കുള്ളിൽ മന്ത്രിയോട് അത്രയും അടുപ്പം ഉണ്ടായെന്നും അതുകൊണ്ടാണ് ഫോട്ടോ എടുത്തതെന്നും സ്മിത സമൂഹമാധ്യമത്തിൽ കുറിച്ചു. അതുപോലെ മന്ത്രി അഭിനയിച്ചെന്നും നാടകം കളിച്ചെന്നുമുള്ള പ്രചാരണം മനുഷ്യത്വമില്ലായ്മയാണെന്നും സ്മിത പ്രതികരിച്ചു.
മന്ത്രിയും ആരോഗ്യപ്രവർത്തകരും ചിരിച്ചുകൊണ്ടുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മന്ത്രിയുടെ ഓഫിസ് മെഡിക്കൽ കോളേജ് അധികൃതരോടു വിശദീകരണം തേടിയിരുന്നു. തുടർന്ന് ആശുപത്രി സൂപ്രണ്ട് അന്വേഷണത്തിന് ഉത്തരവിട്ടു. ഇതോടെ ഫോട്ടൊയെടുത്ത ആരോഗ്യപ്രവർത്തകർക്കെതിരെ നടപടി വന്നേക്കുമെന്നാണ് സൂചന.
അതേസമയം മന്ത്രിയെ ഇന്നു പുലർച്ചെ നാലിന് ഡിസ്ചാർജ് ചെയ്ത് തുടർചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കാർ മാർഗമാണ് യാത്ര. മന്ത്രിയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധന ഇപ്പോഴും നടക്കുകയാണ്. 55 സിസിടിവി ക്യാമറകളാണുള്ളത്. സിസിടിവികളിൽ നിന്ന് മന്ത്രിയെ കയ്യേറ്റം ചെയ്യുന്ന ദൃശ്യം ഇതുവരെ ലഭിച്ചില്ലെന്നാണ് വിവരം. മന്ത്രിക്ക് പരുക്കേറ്റ സാഹചര്യത്തിൽ ഉന്നതതല സംഘത്തെ നിയോഗിച്ച് കൂടുതൽ ഊർജിതമായ അന്വേഷണം നടത്താൻ റെയിൽവേ ഐജിയുടെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക യോഗത്തിൽ തീരുമാനമായി.
നഴ്സിൻറെ ഫേസ്ബുക്ക് കുറിപ്പിൻറെ പൂർണരൂപം:
എത്ര ക്രൂരമാണ് ഈ ലോകം. ഇന്നലെ രാത്രിയാണ് പ്രിയപ്പെട്ട മിനിസ്റ്റർ Veena George വിദഗ്ധ പരിശോധനക്ക് പരിയാരം മെഡിക്കൽ കോളേജിൽ എത്തുന്നത്. MRI സ്കാൻ രാത്രി തന്നെ ചെയ്തു. കടുത്ത കഴുത്തു വേദന, ഉയർന്ന രക്തസമ്മർദം. രാത്രിയിൽ മിനിസ്റ്റർ ഭക്ഷണം കഴിച്ചില്ല. ഉറങ്ങിയത് രണ്ട് മണിക്കൂർ. കടുത്ത ശരീര വേദനക്കൊപ്പം മിനിസ്റ്റർ മാനസികമായി ഏറെ വിഷമം അനുഭവിക്കുന്നു എന്ന് ഞങ്ങൾക്ക് മനസ്സിലായി. രാവിലെയും ഭക്ഷണം വേണ്ട എന്ന് പറഞ്ഞു. ഞങ്ങൾ നിർബന്ധിച്ചു ഒരു ഇഡലി കഴിപ്പിച്ചു. ആഹാരം കൊടുത്തതിനു ശേഷം കിടത്തുന്നതിനു മുൻപ് ഞങ്ങൾ icu വിലെ സിസ്റ്റേഴ്സ് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് മിനിസ്റ്ററോട് ചോദിച്ചു. മിനിസ്റ്റർ ആകട്ടെ എന്ന് പറഞ്ഞു മിനിസ്റ്റർ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ വേദന, ശരീരത്തിനേറ്റ ക്ഷതം ഇവയൊക്കെ നേരിൽ കാണുന്ന ഞങ്ങൾ പ്രിയപ്പെട്ട മിനിസ്റ്ററോട് പറഞ്ഞു ഒന്നും വിഷമിക്കേണ്ട ഞങ്ങൾ എല്ലാവരും കൂടെ ഉണ്ട്. മിനിസ്റ്ററെ ചേർത്ത് പിടിച്ചൊരു ഫോട്ടോ അങ്ങനെ എടുത്തതാണ്. എന്റെ ഉൾപ്പടെ പിന്തുണ അറിയിക്കൽ കൂടിയാണത്. മന്ത്രിയെന്നതിന് അപ്പുറം സഹോദരതുല്യം ആണ് ഞങ്ങളോട് ഇടപെട്ടത്. ഞങ്ങൾക്കും കുറഞ്ഞ മണിക്കൂറുകൾക്കുള്ളിൽ മിനിസ്റ്ററോട് അത്രയും അടുപ്പം ഉണ്ടായി . അതുകൊണ്ടാണ് ഈ ഫോട്ടോ എടുത്തത്. മിനിസ്റ്റർ അഭിനയിച്ചു, നാടകം കളിച്ചു എന്ന പ്രചാരണം മനുഷ്യത്വം ഇല്ലായ്മയാണ്. മിനിസ്റ്റർക്കെതിരെയുള്ള വ്യക്തിപരമായ പ്രചരണങ്ങളിലെ അസത്യം ഞങ്ങൾ നേരിട്ട് തിരിച്ചറിയുന്നു. ആക്ഷേപിക്കുന്നവരോട്, മന്ത്രി cannula ഇട്ടിട്ടുണ്ട്. ഭക്ഷണസമയം disconnect ചെയ്തതാണ്. സൂചി ഇട്ടിട്ടുണ്ട്. മുൻപ് ഇട്ടയിടത്തു നിറം മാറ്റം ഉണ്ടായതുകൊണ്ട് കൈത്തണ്ടയുടെ lower ഭാഗത്താണ് ഇട്ടത്. ഇത്ര ക്രൂരത അരുത്. ദയവായി അല്പം ദയ കാണിക്കുക.
















































