കൊച്ചി: ഒരുവർഷം മുൻപ് മരിച്ച അധ്യാപികയ്ക്ക് പരീക്ഷാ ചുമതല നൽകി ഡയറക്ടറേറ്റ് ഓഫ് ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ. കാറപകടത്തിൽ മരിച്ച റെസി ടൈറ്റസ് എന്ന അധ്യാപികയ്ക്കാണ് പരീക്ഷാ ചുമതല നൽകിയിരിക്കുന്നത്. പെരുമ്പാവൂർ കീഴില്ലം സെന്റ് തോമസ് എച്ച്എസ്എസിലെ അധ്യാപികയായിരുന്ന റെസി കഴിഞ്ഞ വർഷം ഏപ്രിൽ 25നായിരുന്നു വാഹനാപകടത്തിൽ മരണപ്പെട്ടത്. സ്‌കൂളിൽ നിന്ന് റെസിയുടെ പേര് ഒഴിവാക്കിയെങ്കിലും ഡ്യൂട്ടി പട്ടികയിൽ ഉൾപ്പെടുകയായിരുന്നു. സാങ്കേതിക പ്രശ്‌നമാണെന്നാണ് ഡയറക്ടറേറ്റിന്റെ വിശദീകരണം.
എന്നാൽ ഡയറക്ടറേറ്റിന്റെ അനാസ്ഥയിൽ പ്രതിഷേധവുമായി സഹപ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. സ്‌കൂളുകളിൽ നിന്ന് അപ്‌ലോഡ് ചെയ്യുന്ന വിവരങ്ങൾ ഡയറക്ടറേറ്റ് പട്ടികയായി പുറത്തിറക്കുകയാണ് പതിവ്. കീഴില്ലം സെന്റ് തോമസ് സ്‌കൂൾ അപ്‌ലോഡ് ചെയ്ത ലിസ്റ്റിൽ റെസിയുടെ പേരില്ല എന്നാണ് സ്‌കൂൾ അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ പുറത്ത് വന്ന പട്ടിക കഴിഞ്ഞ വർഷത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണെന്നാണാണ് ഡയറക്ടറേറ്റ് വിശദീകരിക്കുന്നത്.
സാങ്കേതിക പ്രശ്‌നത്തിന് പിന്നാലെയുണ്ടായ പിശക് എന്നാണ് ഡയറക്ടറേറ്റിന്റെ നിലവിൽ വ്യക്തമാക്കിയത്. വളയൻചിറങ്ങര എച്ച്എസ്എസിലെ ഡെപ്യൂട്ടി ചീഫ് ആയാണ് റെസി ടൈറ്റസിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധമുയർന്നതോടെ തിരുത്തിയ പട്ടിക പുറത്തിറക്കുമെന്ന് ഡയറക്ടറേറ്റ് പറയുന്നു.

















































