കോഴിക്കോട്: കൈതപ്പൊയിലിലെ അപ്പാർട്മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഹസ്നയുടെ (34) ഫോൺ സന്ദേശം പുറത്ത്. ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി ഉൾപ്പെടുള്ളവരുടെ പേരുകൾ പറയുന്ന സന്ദേശം യുവതിയുടെ മരണത്തെക്കുറിച്ചുള്ള നിഗൂഢത വർധിപ്പിക്കുന്നതായി ബന്ധുക്കൾ പറയുന്നു.
ഭർത്താവിനെയും 3 മക്കളെയും ഉപേക്ഷിച്ച ഹസ്ന തനിക്കൊപ്പം താമസിച്ചിരുന്ന യുവാവ് ഫോൺ എടുക്കാതായപ്പോൾ ഒക്ടോബർ 28ന് മറ്റൊരു ഫോണിൽ നിന്ന് അയച്ച ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. ആദിൽ എന്ന പേരുള്ളയാളെ അഭിസംബോധന ചെയ്ത് അയച്ച സന്ദേശത്തിൽ, തന്റെ ജീവിതം നശിച്ചുപോയെന്നു പറയുന്ന യുവതി കരച്ചിൽ അടക്കിയാണ് സംസാരിക്കുന്നത്.
പല കാര്യങ്ങളും വെളിപ്പെടുത്തുമെന്ന ഭീഷണിയോടെയാണ് കൊടി സുനി, ഷിബു തുടങ്ങിയ പേരുകൾ പറയുന്നത്. ലഹരി ഉപയോഗത്തിന്റെ കാര്യങ്ങൾ ഉൾപ്പെടെ തനിക്ക് അറിയാവുന്ന എല്ലാ വിവരങ്ങളും സമൂഹമാധ്യമത്തിൽ വെളിപ്പെടുത്തുമെന്നും 26 സെക്കൻഡ് ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്.













