മുംബൈ: നടി ഹൻസിക മൊത്വാനി വിവാഹമോചിതയായി. മുംബൈയിലെ ബാന്ദ്ര കുടുംബ കോടതി സോഹേൽ ഖതൂരിയയ്ക്കും ഹന്‍സിക മൊത്വാനിക്കും വിവാഹമോചനം അനുവദിച്ചത്. പരസ്പര സമ്മതത്തോടെ വിവാഹമോചനം തേടി ഹൻസിക കോടതിയെ സമീപിച്ചിരുന്നു, വിവാഹമോചനത്തോടനുബന്ധിച്ച് സ്ത്രീധനത്തെയോ ജീവനാംശത്തെയോ സംബന്ധിച്ച അവകാശവാദങ്ങൾ വേണ്ടെന്ന് വച്ചതായും റിപ്പോർട്ട് ഉണ്ട്. പരസ്പരം ഒത്തുചേർന്നു പോകാനില്ലെന്ന് മനസ്സിലാക്കിയതോടെയാണ് ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹമോചിതരാകാൻ തീരുമാനിച്ചത്.
വിവാഹശേഷം സ്വഭാവത്തിലെയും അഭിപ്രായങ്ങളിലെയും ജീവിതശൈലിയിലെയും വലിയ വ്യത്യാസങ്ങൾ മനസ്സിലാക്കുകയും ഇത് ഇടയ്ക്കിടെയുള്ള വലിയ വഴക്കുകളിലേക്ക് നയിക്കുകയുമായിരുന്നുവെന്ന് കുടുംബവൃത്തങ്ങളിൽ നിന്നും പറയുന്നു.ദമ്പതികളുടെ മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും ഇവരെ അനുരഞ്ജിപ്പിക്കാനും ഒരുമിച്ച് ജീവിക്കുവാനും നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും അതും പരാജയപ്പെട്ടു.
ഏകദേശം രണ്ട് വർഷം മാത്രമാണ് ഇവർ ദമ്പതികളായി ഒരുമിച്ചു ജീവിച്ചത്. 2024 ജൂലൈ 2 മുതൽ ഇവർ വേർപിരിഞ്ഞു താമസിക്കുകയാണ്. ഹൻസികയുടെ അടുത്ത സുഹൃത്തായിരുന്ന റിങ്കി ബജാജാണ് സോഹേലിന്റെ ആദ്യ ഭാര്യ. ഹൻസികയുടെ സഹോദരനും സോഹേലും വർഷങ്ങളായി സുഹൃത്തുക്കളായിരുന്നു. 2022 ഡിസംബറിലാണ് ഹൻസികയും സോഹേലും വിവാഹിതരായത്. ജയ്പൂരിലെ മുണ്ടോട്ട ഫോർട്ട് ആൻഡ് പാലസിൽ വെച്ച് അത്യാഡംബരപൂർവമായാണ് ചടങ്ങുകൾ നടന്നത്.
















































