ടെൽ അവീവ്: ഹിസ്ബുള്ളയ്ക്ക് വേണ്ടി ആയുധങ്ങൾ നിർമ്മിക്കുകയായിരുന്ന ഹമാസ് പ്രവർത്തകനെ കഴിഞ്ഞ രാത്രി തെക്കൻ ലെബനനിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ വധിച്ചതായി ഇസ്രയേൽ സൈന്യം. ഐഡിഎഫ് റിപ്പോർട്ട് പ്രകാരം, നബാത്തിയേ പ്രദേശത്തുവെച്ച് കാറിലിരിക്കുകയായിരുന്ന ഹമാസ് പ്രവർത്തകൻ മുഹമ്മദ് അലി യാസിൻ ആണുകൊല്ലപ്പെട്ടത്.
നബാത്തിയേയുടെ തെക്കുള്ള ബുർജ് ക്വാലൂയ പട്ടണത്തിലുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി ലെബനനിലെ ആരോഗ്യ മന്ത്രാലയവും അറിയിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഐഡിഎഫ് പുറത്തുവിട്ടു. 2024 നവംബറിലെ വെടിനിർത്തലിന് ശേഷം സമാധാന കരാറിലെ വ്യവസ്ഥകൾ ലംഘിച്ച 230-ലധികം ഹിസ്ബുള്ള പ്രവർത്തകരെ ലെബനനിൽ നടത്തിയ ആക്രമണങ്ങളിൽ വധിച്ചതായി ഐഡിഎഫ് പറയുന്നു.
ഇതിനിടെ ഗാസ സിറ്റി പിടിച്ചടക്കാനുള്ള ഇസ്രയേലിന്റെ സൈനിക നടപടി തടയുന്നതിനായി ബന്ദികളെ ഹമാസ് വീടുകളിലേക്കും ടെന്റുകളിലേക്കും മാറ്റിയതായി റിപ്പോർട്ട് പുറത്തുവന്നു. ഹമാസ് പുറത്തുവിട്ട ഒരു വീഡിയോയിൽ ബന്ദിയായ തന്റെ മകൻ ഗിൽബോവ ദലാൽ ഒരു കാറിന്റെ പിൻസീറ്റിൽ ഇരിക്കുന്നതായി അമ്മ പറഞ്ഞിരുന്നു. ഇതു ശരിവെക്കുന്നതാണ് കാൻ പബ്ലിക് ബ്രോഡ്കാസ്റ്റർ പുറത്തുവിട്ട റിപ്പോർട്ടും.
ഹമാസിനെതിരായ സൈന്യത്തിന്റെ ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പ് ലഭിച്ചതോടെ നാലുലക്ഷത്തോളം പലസ്തീനികൾ ഗാസ സിറ്റിയിൽനിന്ന് ഗാസ മുനമ്പിലെ മറ്റ് പ്രദേശങ്ങളിലേക്ക് പലായനം ചെയ്തതായി ഇസ്രായേൽ പ്രതിരോധ സേന(ഐഡിഎഫ്)യുടെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ രാത്രി മാത്രം 20,000 പേർ ഗാസ സിറ്റി വിട്ടതായാണ് പുറത്തുവരുന്ന വിവരങ്ങൾ.
പത്ത് ലക്ഷത്തിലധികം പലസ്തീനികൾ ഗാസ സിറ്റിയിൽ താമസിച്ചിരുന്നതായാണ് കണക്ക്. ആക്രമണത്തിന് മുന്നോടിയായി ഗാസ സിറ്റിയിലെ എല്ലാവരും ഉടൻ ഒഴിഞ്ഞുപോകണമെന്ന് കഴിഞ്ഞയാഴ്ച ഐഡിഎഫ് ഉത്തരവിട്ടിരുന്നു. ഗാസ മുനമ്പിന്റെ തെക്ക് ഭാഗത്ത് ഇസ്രയേൽ നിശ്ചയിച്ച മാനുഷിക മേഖലയിലേക്ക് പോകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ, ഗാസ മുനമ്പിൽ ഒരിടവും സുരക്ഷിതമല്ലെന്നാണ് ഗാസ നിവാസികൾ പറയുന്നത്.















































