കൊച്ചി: മുനമ്പത്തെ പ്രശ്‌ന പരിഹാരത്തിനു പോംവഴികളുണ്ടെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. മുനമ്പത്തെ പ്രശ്‌ന പരിഹാരത്തിനായി ആവശ്യമെങ്കിൽ നിയമ നിർമ്മാണം നടത്തുമെന്നും മുനമ്പത്ത് ഭൂമി ഏറ്റെടുക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കൂടാതെ ജുഡീഷ്യൽ കമ്മിഷൻ നിയമനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധി സ്റ്റേ ചെയ്യണമെന്നും സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.
വസ്തുതകൾ പരിശോധിക്കാൻ ആണ് ജുഡീഷ്യൽ കമ്മീഷനെ സർക്കാർ നിയോഗിച്ചത്. റിപ്പോർട്ട് ലഭിക്കുന്നതിന് മുൻപ് നിയമനത്തിൽ സിംഗിൾ ബെഞ്ച് ഇടപെട്ടത് നിയമപരമല്ല. നൂറുകണക്കിന് കുടുംബങ്ങളെ ബാധിക്കുന്ന വിഷയമാണ് മുനമ്പത്തേതെന്നും സർക്കാർ പറഞ്ഞു. മാത്രമല്ല വഖഫ് ട്രൈബ്യൂണലിലെ നടപടികളും ജുഡീഷ്യൽ കമ്മിഷന്റെ പരിഗണനാ വിഷയങ്ങളും വ്യത്യസ്തമാണ്. വഖഫ് ട്രൈബ്യൂണലിനെ സമീപിച്ചവരെ ബാധിക്കുന്ന പ്രശ്‌നമല്ല അപ്പീലിൽ ഉന്നയിച്ചത്. പൊതുതാല്പര്യം മുൻനിർത്തിയാണ് ജുഡീഷ്യൽ കമ്മീഷൻ നിയമനം.
ക്രമസമാധാന വിഷയം എന്ന നിലയിലും കമ്മീഷൻ അന്വേഷണം ആവശ്യമാണെന്നും സർക്കാർ അറിയിച്ചു. ജുഡീഷ്യൽ അന്വേഷണ കമ്മീഷന് മുനമ്പത്തെ ഭൂമിയുടെ ഉടമസ്ഥാവകാശ തർക്കത്തിൽ ഇടപെടാൻ ആവില്ല. കമ്മിഷന്റെ പരിഗണനാ വിഷയത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കമ്മീഷൻ ശുപാർശകൾ നടപ്പാക്കാൻ സർക്കാരിന് ബാധ്യതയില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ വിശദീകരിച്ചു.
അതേസമയം മുനമ്പം ജുഡീഷ്യൽ കമ്മിഷന്റെ പ്രവർത്തനാനുമതി ആവശ്യത്തിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച ഇടക്കാല ഉത്തരവ് പറയും. സർക്കാരിന്റെ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടി. നിയമനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധിക്കെതിരായ അപ്പീലിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പിന്നീട് വിശദമായ വാദം കേൾക്കും.