കോട്ടയം: ‘ജവാനു’ പിന്നാലെ സർക്കാർ നേരിട്ടു വിപണിയിലിറക്കുന്ന മദ്യത്തിന് പേരായി. ‘മലബാർ മിസ്റ്ററി’ എന്നാണ് നിലവിൽ അംഗീകരിച്ചിരിക്കുന്ന പേര്. ചിറ്റൂർ മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാന്റ് 21നാണ് ഉദ്ഘാടനം ചെയ്യുന്നത്. വേദിയിൽ ബ്രാൻഡിന്റെ പേര് പ്രഖ്യാപിക്കും. പുതിയ ബ്രാൻഡിന്റെ പേര് നിർദേശിക്കാൻ ബവ്‌കോ അവസരം നൽകിയിരുന്നു. നാൽപതിനായിരത്തോളം പേരുകളാണു ലഭിച്ചത്.
‘മലബാർ മിസ്റ്റ്’ എന്ന പേരാണ് അധികൃതർ തിരഞ്ഞെടുത്തത്. എന്നാൽ ജനങ്ങൾ നിർദേശിച്ച പേര് സാങ്കേതിക തടസ്സങ്ങൾ കാരണം നൽകാനായില്ല. ഇതോടെയാണ് വകുപ്പു തന്നെ പേരു നിശ്ചയിച്ചത്. 75,000 ചതുരശ്ര അടി വിസ്തീർണമുള്ളതാണു പ്ലാന്റ്. 3 ലൈൻ സ്വയം നിയന്ത്രിത ബോട്ടിലിങ് പ്ലാന്റ് സജ്ജമാകുന്നതോടെ ദിവസം 13,500 കെയ്‌സ് വീതം (108000 ലീറ്റർ) മദ്യം വിപണിയിലിറക്കാനാകുമെന്ന് അധികൃതർ പറയുന്നു.
അര ലീറ്ററിന്റെ ബോട്ടിലാണു വിപണിയിലിറക്കുക. ജവാൻ ബ്രാൻഡുമായി അധികം വ്യത്യാസമില്ലാത്ത വിലയാവും പുതിയ മദ്യത്തിനും. മദ്യോൽപാദനത്തിനായുള്ള ജീവനക്കാരെ തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ്, ബവ്കോ സംഭരണകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നു ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കും.















































