തിരുവനന്തപുരം : ജൈവ ഉറവിട മാലിന്യങ്ങൾ വീട്ടിൽ തന്നെ സംസ്കരിക്കുന്നവർക്ക് ഇനി മുതൽ 5 ശതമാനം പ്രോപ്പർട്ടി നികുതി ഇളവ് നൽകുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ്.
വർക്കല ശിവഗിരി എസ്.എൻ കോളേജ് ഓഡിറ്റോറിയത്തിൽ സംസ്ഥാനത്തെ ആദ്യ സാനിറ്ററി വേസ്റ്റ് ടു എനർജി പ്ലാൻ്റിൻ്റെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ പ്രതിദിനം ഉത്പാതിപിക്കുന്ന മുഴുവൻ സാനിറ്ററി പാഡുകളും സംസ്കരിക്കാനുള്ള പ്ലാൻ്റുകൾ ഈ മന്ത്രിസഭാ കാലഘട്ടത്തിൽ തന്നെ കേരളത്തിൽ ഉണ്ടാകും എന്നും മന്ത്രി ഉറപ്പ് നൽകി. ഇത് വഴി ഖരമാലിന്യങ്ങൾ കൊണ്ട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നിന് പ്രശ്‌ന പരിഹാരമാകും. കേന്ദ്ര സർക്കാരിന്റെ ശുചിത്വ റാങ്കിങ്ങിൽ 1370-ൽ നിന്നും 158-ാം സ്ഥാനത്തേക്ക് വർക്കല നഗരത്തിന് മുന്നേറാൻ കഴിഞ്ഞതും ഇത്തരം നല്ല മാറ്റങ്ങൾ സ്വാഗതം ചെയ്യുന്നത് കൊണ്ടാണെന്ന് മന്ത്രി കൂട്ടി ചേർത്തു.
സംസ്ഥാനത്ത് ആദ്യമായി ഗാർഹിക ബയോ മെഡിക്കൽ സാനിറ്ററി മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്കരണത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റ് ആണിത്. നഗരസഭയുടെ 10 സെൻ്റ് സ്ഥലത്ത് ഒന്നരക്കോടി രൂപയോളം ചെലവഴിച്ചാണ് പ്ലാന്റ് സ്ഥാപിച്ചത്. വർക്കല കണ്വാശ്രമം മാലിന്യ സംസ്കരണ പ്ലാന്റിന് സമീപമാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ സാങ്കേതിക അനുമതിയോടെ വർക്കല നഗരസഭ പ്ലാന്റ് സ്ഥാപിച്ചത്. ഇതുവഴി ഗാർഹിക ബയോ മെഡിക്കൽ സാനിറ്ററി മാലിന്യങ്ങളായ ഡയപ്പറുകൾ, സാനിറ്ററി പാഡുകൾ, പുനരുപയോഗ സാധ്യമല്ലാത്ത തുണികൾ, മുടി എന്നിവ ശാസ്ത്രീയമായി നിർമാർജനം ചെയ്യാൻ കഴിയും.
പ്രതിദിനം അഞ്ച് ടൺ മാലിന്യങ്ങൾ സംസ്കരിക്കാൻ ശേഷിയുള്ള പ്ലാന്റിൽ നിന്നും 60 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. വി.ജോയി എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൽ.എസ്.ജി.ഡി സ്പെഷ്യൽ സെക്രട്ടറി ടി.വി.അനുപമ, ക്ലീൻ സിറ്റി മാനേജർ പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.