കൊച്ചി: കേരളത്തിൽ ആഭരണപ്രേമികളെ നിരാശരാക്കി സ്വർണത്തിന്റെ വിജയക്കുതിപ്പ് തുടരുന്നു. ഇന്നു സർവകാല റെക്കോർഡിലാണ് വ്യാപാരം ആരംഭിച്ചത്. ഗ്രാമിന് 35 രൂപ ഉയർന്ന് വില 8,070 രൂപയായി. അതോടൊപ്പം 280 രൂപ കൂടി 64,560 രൂപയാണ് പവൻവില. ഈമാസം 11ന് രേഖപ്പെടുത്തിയ പവന് 64,480 രൂപയെന്ന റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം പവന് 2,920 രൂപയും ഗ്രാമിന് 365 രൂപയും കൂടി.
അന്താരാഷ്ട്ര സ്വർണ്ണവില 2942 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.81 ലും ആണ്.
24 കാരറ്റ് സ്വർണത്തിന് ബാങ്ക് നിരക്ക് കിലോ ഗ്രാമിന് 89 ലക്ഷം രൂപ കടന്നിട്ടുണ്ട്.
അതേസമയം18 കാരറ്റ് സ്വർണവിലയിലും വർദ്ധവന് രേഖപ്പെടുത്തി. ഗ്രാമിന് ഇന്ന് 30 രൂപ ഉയർന്ന് പുത്തനുയരമായ 6,640 രൂപയിലെത്തി. ഏറെക്കാലമായി മാറ്റമില്ലാതിരുന്നത് വെള്ളിവിലയായിരുന്നു. ഇന്ന് വെള്ളിയിലും വർദ്ധനവുണ്ടായി. വെള്ളി ഗ്രാമിന് ഒരു രൂപ വർധിച്ച് 108 രൂപയായി. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കുമേൽ ‘പകരത്തിനു പകരം തീരുവ ഏർപ്പെടുത്തുന്നതിൽ ഉറച്ചുനിൽക്കുമെന്ന് പറഞ്ഞ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാക്കുകൾ സ്വർണവില കുതിച്ചുയരുവാൻ കാരണമായി. ഡോളറിനെതിരെ രൂപ തളരുന്നതിനാൽ ഇന്ത്യയിൽ ഇറക്കുമതിച്ചെലവ് വർധിച്ചതും വില വർധനയുടെ ആക്കം കൂട്ടുന്നു.
‘ട്രംപ് ഇഫക്ട് തന്നെയാണ് വിലവർധനവിന് കാരണം. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിൻറെ ഡിമാൻഡ് വർദ്ധിക്കുന്നു. അന്താരാഷ്ട്ര സ്വർണ്ണവില 2970 ഡോളർ മറികടന്നാൽ 3000-3050 ഡോളറിലേക്ക് പോകാനാണ് സാധ്യത’യെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ പറഞ്ഞു. ‘ഇതോടെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണ്ണം വാങ്ങണമെങ്കിൽ 70,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.