തമിഴ്നാട്: തമിഴ്നാട്ടിൽ ആർത്തവസമയത്ത് പെൺകുട്ടിയെ ക്ലാസിന് പുറത്തിരുത്തി പരീക്ഷ എഴുതിച്ച് അധ്യാപകർ. കോയമ്പത്തൂർ സെൻഗുട്ടയിലുള്ള സ്വകാര്യ സ്കൂളിലാണ് സംഭവം നടന്നത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് ക്ലാസിന് പുറത്തിരുത്തിയത്. കുട്ടിയുടെ മാതാവ് സ്കൂളിലെത്തിയപ്പോളാണ് മകൾ പുറത്തിരുന്ന് പരീക്ഷ എഴുതുന്നത് കണ്ടത്.
ആർത്തവമായതിനാൽ തന്നെ പ്രിൻസിപ്പൽ നിർബന്ധിച്ച് പുറത്താക്കിയെന്ന് പെൺകുട്ടി പറഞ്ഞു . സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് സ്കൂൾ പ്രിൻസിപ്പളെ സസ്പൻഡ് ചെയ്തു.
ജനുവരിയിൽ ഉത്തർപ്രദേശിലെ ഒരു സ്കൂളിലും സമാന സംഭവം അരങ്ങേറിയിരുന്നു, പരീക്ഷാഹാളിൽ നിന്ന് അധ്യാപികയോട് സാനിറ്ററി പാഡ് ചോദിച്ച പ്ലസ് വൺ വിദ്യാർത്ഥിനിയെ ക്ലാസിൽ നിന്ന് പുറത്തുനിർത്തുകയായിരുന്നു.