ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ മൂന്ന് പ്രായപൂർത്തിയാകാത്ത സഹോദരിമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണത്തിൽ ഗുരുതരവും ഞെട്ടിക്കുന്നതുമായ വിവരങ്ങളാണ് പുറത്തുവരുന്നത്. കൊറിയൻ ഗെയിമുകളോടുള്ള അഡിക്ഷനെ തുടർന്ന് തുടർന്ന് അച്ഛൻ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തതോടെ കുട്ടികൾ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
ഫെബ്രുവരി 4-ന് ബുധനാഴ്ച രാത്രി ട്രാൻസ്-ഹിന്ദോൺ പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ചാണ് നിഷിക (16), പ്രാച്ചി (14), പാഖി (12) എന്നീ സഹോദരിമാർ നോയിഡയിലെ ഭാരത് സിറ്റി സൊസൈറ്റിയിലെ ഒമ്പതാം നിലയിൽ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്. കുട്ടികൾ മൊബൈൽ ഫോണിലൂടെ ഓൺലൈൻ ടാസ്‌ക്- അടിസ്ഥാനത്തിലുള്ള ഗെയിമുകൾ കളിക്കുകയും കൊറിയൻ സുഹൃത്തുകളുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കൊറിയൻ സംസ്കാരത്തോടുള്ള അമിത താൽപര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കുട്ടികളുടെ അച്ഛൻ ചേതൻ കുമാർ അവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും പിന്നീട് അവ വിറ്റഴിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഫോണുകൾ നഷ്ടമായതോടെ ഗെയിം കളിക്കാനും സുഹൃത്തുകളുമായി സംസാരിക്കാനും കഴിയാതെ കുട്ടികൾ കടുത്ത ഡിപ്രഷനിലായിരുന്നുവെന്നാണ് അന്വേഷണ സംഘം പറയുന്നത്. സംഭവ രാത്രിയിൽ കുട്ടികൾ അമ്മയുടെ ഫോൺ എടുത്തെങ്കിലും അതിൽ ബന്ധപ്പെട്ട കൊറിയൻ ആപ്പ് ലഭ്യമായിരുന്നില്ലെന്നും ഫോറൻസിക് പരിശോധനയിൽ പിടിച്ചെടുത്ത ഫോണിൽ ഇത്തരം ആപ്പുകളുടെ ഉപയോഗത്തിന്റെ തെളിവുകൾ കണ്ടെത്താനായില്ലെന്നും PTI റിപ്പോർട്ട് ചെയ്തു.
കുടുംബ പശ്ചാത്തലവും അന്വേഷണത്തിന്റെ ഭാഗമായാണ് പോലീസ് പരിശോധിക്കുന്നത്. കുട്ടികളുടെ അച്ഛൻ ചേതൻ കുമാറിന് മൂന്ന് ഭാര്യമാരുണ്ടെന്നും, നിഷികയുടെ അമ്മ സുജാതയും പ്രാച്ചിയുടെയും പാഖിയുടെയും അമ്മയായ ഹീനയും മറ്റൊരു ഭാര്യയായ ടിനയും സഹോദരിമാരാണെന്നും പോലീസ് സ്ഥിരീകരിച്ചു. 2015-ൽ ചേതൻ കുമാറിന്റെ ലൈവ്-ഇൻ പങ്കാളി സംശയാസ്പദ സാഹചര്യത്തിൽ മരിച്ച സംഭവവും അന്വേഷണ സംഘം പരിശോധിച്ചുവരികയാണെങ്കിലും അന്ന് കേസ് ആത്മഹത്യയായി ക്ലോസ് ചെയ്തിരുന്നു.
വീട്ടിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യ കുറിപ്പിൽ കുട്ടികൾ കൊറിയൻ സംസ്കാരത്തിന്റെ സ്വാധീനത്തിലായിരുന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഏതെങ്കിലും പ്രത്യേക ഗെയിം ആപ്പിന്റെ പേര് പരാമർശിച്ചിട്ടില്ല. ആത്മഹത്യ കുറിപ്പിൽ അമ്മമാരുടെ പേരുകളൊന്നും ഇല്ലെന്നും അച്ഛനെയാണ് കുട്ടികൾ അഭിസംബോധന ചെയ്തിരിക്കുന്നതെന്നും പോലീസ് അറിയിച്ചു. കൈയെഴുത്ത് കുറിപ്പും വിരലടയാളങ്ങളും ഫോറൻസിക് സയൻസ് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിക്കാൻ കാത്തിരിക്കുകയാണെന്നും ട്രാൻസ്-ഹിന്ദോൺ ഡിസിപി നിമിഷ് പാട്ടിൽ പറഞ്ഞു.
വിറ്റ മൊബൈൽ ഫോണുകൾ IMEI നമ്പറുകൾ ഉപയോഗിച്ച് കണ്ടെത്തുന്നതിനും കൊറിയൻ ആപ്പുകളുമായി ബന്ധപ്പെട്ട ഡാറ്റ വീണ്ടെടുക്കുന്നതിനുമായി സൈബർ ക്രൈം സംഘത്തിന്റെ സഹായത്തോടെ അന്വേഷണം തുടരുകയാണ്. അന്വേഷണം പൂർത്തിയായ ശേഷമേ സംഭവത്തെക്കുറിച്ച് കൂടുതൽ വ്യക്തത ഉണ്ടാകൂവെന്ന് പോലീസ് അറിയിച്ചു.
















































