വാഷിങ്ടൺ: ഇന്ത്യയുമായുള്ള സൗഹൃദം നിലനിൽക്കുകയും വേണം,എന്നാൽ തീരുവ വിഷയത്തിൽ നിന്ന് പിന്മാറാനുമാകില്ല. ജി7 രാജ്യങ്ങളുടെ യോഗത്തിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും എതിരേ തീരുവ ചുമത്തണമെന്ന് ആവശ്യപ്പെട്ട് അമേരിക്ക. കനേഡിയൻ ധനമന്ത്രി ഫ്രാങ്കോയിസ് ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന ജി7 രാജ്യങ്ങളുടെ യോഗത്തിലാണ് അമേരിക്കൻ പ്രതിനിധി ഈ ആവശ്യമുന്നയിച്ചത്. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് തീരുവ ചുമത്തണമെന്നായിരുന്നു ജി7-ലെ സഖ്യകക്ഷികളോട് അമേരിക്ക ആവശ്യപ്പെട്ടത്.
നേരത്തെ ഇന്ത്യയ്ക്കും ചൈനയ്ക്കും എതിരേ 100 ശതമാനം തീരുവ ചുമത്തണമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് യൂറോപ്യൻ യൂണിയനോടും ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ തീരുവ ചുമത്തുന്നതിൽ മറ്റ് അംഗങ്ങളും അമേരിക്കയ്‌ക്കൊപ്പം അണിചേരണമെന്നാണ് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് യോഗത്തിൽ പറഞ്ഞത്. യോഗത്തിനുശേഷം പുറത്തിറക്കിയ പ്രസ്താവനകൾ യുഎസ് ട്രഷറി സെക്രട്ടറിയും യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് ജാമിസൺ ഗ്രീറും ഇക്കാര്യം സ്ഥിരീകരിക്കുകയുംചെയ്തു.
ഇതിനു കാരണമായി പറഞ്ഞതു പുടിന്റെ യുദ്ധത്തിനുള്ള ഫണ്ടിങ് നൽകുന്ന വരുമാ സ്രോതസ്സുകളെ വെട്ടിക്കുറയ്ക്കണം. അത്തരമൊരു ഏകീകൃതശ്രമത്തിലൂടെ മാത്രമേ അർഥശൂന്യമായ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ കഴിയുകയുള്ളൂവെന്നും ഇരുവരും പറഞ്ഞു. അതുപോലെ ഉപരോധങ്ങൾ കൊണ്ടുള്ള സമ്മർദം വർധിപ്പിക്കാനുള്ള തീരുമാനത്തെയും റഷ്യയുടെ മരവിപ്പിച്ച ആസ്തികൾ യുക്രൈന്റെ പ്രതിരോധപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാനുള്ള ആഹ്വാനത്തെയും യുഎസ് സ്വാഗതം ചെയ്യുകയും ചെയ്തു.
അതേസമയം യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനായി റഷ്യയ്ക്കുമേലുള്ള സമ്മർദം വർധിപ്പിക്കുന്നതിനുള്ള കൂടുതൽ നടപടികൾ ചർച്ചചെയ്യാനായാണ് ജി7 കൂട്ടായ്മയുടെ യോഗംചേർന്നത്. റഷ്യയ്ക്ക് മേലുള്ള സമ്മർദം വർധിപ്പിക്കാനായുള്ള വിവിധ സാമ്പത്തിക ഉപരോധങ്ങളെക്കുറിച്ച് യോഗം ചർച്ചചെയ്തു. തീരുവകൾ ഉൾപ്പെടെയുള്ള കൂടുതൽ ഉപരോധങ്ങളാണ് യോഗത്തിൽ ചർച്ചയായതെന്നും റിപ്പോർട്ടുകളിലുണ്ട്. കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യുകെ, യുഎസ് എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂണിയനുമാണ് ജി7 കൂട്ടായ്മയിലെ അംഗങ്ങൾ.