തൃശ്ശൂർ: ആ അച്ഛന്റെ നെഞ്ചിലെ വിങ്ങലായിരുന്നു മക്കൾക്ക് കിടക്കാനൊരു കൂടൊരുക്കുന്നതിനു മുൻപ് താൻ ഈ ലോകം വിട്ടുപോകുമോയെന്നത്. അയാൾ സഹപാഠികളോട് പലപ്പോഴും അതു പങ്കുവച്ചു ‘‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്. അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’’… അവന്റെ പേടി പോലെ തന്നെ സംഭവിച്ചു. പൊന്നു മക്കൾക്ക് പേടികൂടാതുറങ്ങാൻ വീടൊരുക്കുന്നതിനു മുൻപ് പങ്കജാക്ഷൻ (സുധി) യാത്ര പറഞ്ഞു.
മിച്ചംപിടിച്ച തുകകൊണ്ട് പീച്ചിയിലെ ചാണോത്ത് വാങ്ങിയ അഞ്ചുസെന്റിൽ വീടെന്നോണം നിർമിച്ച ഷെഡ്ഡിലേക്ക് ഏപ്രിൽ 30-ന് എത്തിയത് പങ്കജാക്ഷന്റെ മൃതദേഹമാണ്. നാഗർകോവിലിലെ ജൂവലറിയിൽ ജീവനക്കാരനായ പങ്കജാക്ഷൻ അവിടെവെച്ചാണ് ഹൃദയാഘാതത്താൽ മരിച്ചത്. നാലിലും ഒന്നിലും പഠിക്കുന്ന മക്കളും, ഭാര്യയും അമ്മയും അടങ്ങുന്ന പങ്കജാക്ഷന്റെ കുടുംബം.
എന്നാൽ സഹപാഠിയുടെ ആ നൊമ്പരത്തെ പീച്ചി ഗവ. ഹൈസ്‌കൂളിൽ 1991-ൽ എസ്എസ്എൽസി ബാച്ച് കണ്ടില്ലെന്ന് വച്ചില്ല. ലൈഫ് മിഷനിൽപോലും കുടുംബത്തിന് വീട് കിട്ടാൻ വഴിയില്ലെന്നറിഞ്ഞതോടെ അവർ കൈകോർത്തു. പിറ്റേന്നു തുടങ്ങി വീടുണ്ടാക്കുകയെന്ന ദൗത്യം.
ഓരോരുത്തരും തന്നാലാകുന്നത് നൽകി. പണം നൽകാനില്ലാത്തവർ വീടിനായി പണിയെടുത്ത് സഹായിച്ചു. ഇതറിഞ്ഞ് പങ്കജാക്ഷൻ ജോലിചെയ്തിരുന്ന ജൂവലറിയുടെ ഉടമകളും സഹായം നൽകി. അധ്യാപകരും സഹായവുമായെത്തി. ചെറിയ കാലയളവിൽ ചെറുതല്ലാത്ത വീട് തയ്യാറായി.
ഒൻപതുലക്ഷത്തിലേറെ ചെലവിട്ട് 700 ചതുരശ്രഅടിയിൽ എല്ലാ സൗകര്യങ്ങളുമുള്ള വീടാണ് നിർമിച്ചുനൽകിയത്. ക്രിസ്‌മസിന് പിറ്റേന്ന് പങ്കജാക്ഷന്റെ അമ്മ സരോജിനിക്ക് വീടിന്റെ താക്കോൽ കൈമാറി. പങ്കജാക്ഷൻറെ ഭാര്യ മാലതിയും മക്കളായ ഗൗരി ശങ്കറും ഹരിശങ്കറും ഉണ്ടായിരുന്നു. കൂട്ടുകാരെല്ലാമെത്തി. അധ്യാപകരും കുടുംബസമേതം വന്നു. ജൂവലറി ഉടമയും ജീവനക്കാരുമെത്തി, വാർഷിക ഒത്തുചേരൽ ഈ വീട്ടിലാക്കി. പാലുകാച്ചലിന് വിഭവസമൃദ്ധമായ സദ്യയും കൂട്ടുകാരൊരുക്കിയിരുന്നു, പക്ഷെ ആ സന്തോഷം ആസ്വദിക്കാൻ അവരുടെ സുധി ഉണ്ടായിരുന്നില്ലെന്ന് മാത്രം…


















































