ന്യൂഡൽഹി: പലസ്തീൻ പ്രശ്നത്തിൽ നിർണ്ണായക പ്രഖ്യാപനവുമായി ഫ്രാൻസ്. പലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പ്രഖ്യാപിച്ചു. സെപ്തംബറിൽ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ വച്ച് ഫ്രാൻസ് പ്രതിനിധി ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്നാണ് പ്രസിഡൻ്റ് വ്യക്തമാക്കിയിരിക്കുന്നത്.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കുകയും സാധാരണക്കാരെ രക്ഷിക്കുകയുമാണ് അടിയന്തരമായി ചെയ്യേണ്ടതെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. ഗാസയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്നും ഹമാസിനെ നിരായുധീകരിക്കുകയും ഗാസയെ പുനർ നിർമ്മിക്കുകയും വേണമെന്നും എക്സിൽ കുറിച്ചു. ഇസ്രയേലിനെ പൂർണ്ണമായി അംഗീകരിച്ചു കൊണ്ട് തന്നെ പലസ്തീൻ രാഷ്ട്രം കെട്ടിപ്പെടുക്കണമെന്നും മധ്യപൂർവ്വ ദേശത്തെ സമാധാനത്തിനായി മറ്റു ബദലുകളില്ലെന്നും മാക്രോൺ കൂട്ടിച്ചേർത്തു.