ന്യൂഡൽഹി∙ ശതകോടീശ്വരൻ ഇലോൺ മസ്കുമായി കൂടിക്കാഴചയ്ക്ക് അവസരമൊരുക്കാമെന്നു പറഞ്ഞു മുൻ പൈലറ്റിൽ നിന്ന് തട്ടിപ്പുകാർ തട്ടിയത് 72 ലക്ഷം.ഫരീദാബാദ് സ്വദേശിയായ ശക്തി സിങ് ലുംബയിൽ നിന്ന് 72 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. സ്‌പേസ് എക്‌സിലും ടെസ്‌ലയിലും നിക്ഷേപം നടത്തിയാൽ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാമെന്നായിരുന്നു വാഗ്ദാനം.മസ്കിന്റെ കമ്പനിയിലെ മാനേജർ ചമഞ്ഞാണ് സമൂഹ മാധ്യമം വഴി പണം തട്ടിയത്. ഇതിനായി ഷെർമാൻ എന്ന അക്കൗണ്ടാണ് തട്ടിപ്പുസംഘം ഉപയോഗിച്ചത്. പിന്നാലെ മസ്കിന്റെ അമ്മ മയേ മസ്കിനെ ‘എക്സ്’ പ്ലാറ്റ്ഫോമിൽ പിന്തുടരാൻ തട്ടിപ്പുകാർ ആവശ്യപ്പെട്ടു. മുഖചിത്രം മസ്കിന്റെ അമ്മയുടേതായിരുന്നതിനാൽ ശക്തി സിങ് ലുംബയ്ക്ക് സംശയം തോന്നിയില്ല. ഇതിലൂടെ മയേയാണ് തന്നോട് സംസാരിക്കുന്നതെന്ന് ലുംബയെ തട്ടിപ്പുകാർ വിശ്വസിപ്പിക്കുകയായിരുന്നു. ആദ്യം 2.91 ലക്ഷം രൂപയാണ് മസ്കിനെ കാണാനായി ലുംബ നിക്ഷേപിച്ചത്. പിന്നാലെ കൂടുതൽ നിക്ഷേപങ്ങൾ നടത്താൻ ലുംബയെ തട്ടിപ്പുകാർ പ്രേരിപ്പിച്ചു.
ഒരുഘട്ടത്തിൽ മസ്കിന്റെ പേരിൽ തട്ടിപ്പുകാർ പരാതിക്കാരന് സന്ദേശമയച്ചു. റോളക്സ് വാച്ചിന്റെ ചിത്രം അയയ്ക്കുകയും, വൈകാതെ അതു സമ്മാനമായി അയയ്ക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു. തട്ടിപ്പാണെന്നു മനസിലാകാതിരുന്ന ലുംബ കൂടുതൽ പണം നിക്ഷേപിച്ചു. ഒടുവിൽ 72.16 ലക്ഷം രൂപ നിക്ഷേപിച്ചപ്പോഴാണ് ചതിക്കപ്പെട്ടോയെന്ന സംശയം ലുംബക്ക് തോന്നിയത്. സംശയം തോന്നി പണം തിരികെ ആവശ്യപ്പെട്ടപ്പോൾ കമ്പനിയുടെ അക്കൗണ്ട് മരവിപ്പിച്ചതായും, മസ്ക് ഇന്ത്യ സന്ദർശിക്കുമ്പോൾ പണം നേരിട്ടു നൽകുമെന്നും സംഘം അറിയിച്ചു. അതു സ്വീകാര്യമല്ലെന്നും പണം ഉടൻ വേണമെന്നും ലുംബ പറഞ്ഞു. എന്നാൽ കൂടുതൽ പണം നിക്ഷേപിച്ചാൽ മുഴുവൻ തുകയും തിരിച്ചു നൽകാമെന്ന് തട്ടിപ്പുകാർ വാഗ്ദാനം നൽകി. ഇതോടെയാണ് ലുംബ സൈബർ പൊലീസിൽ പരാതി നൽകിയത്.