മുംബൈ: നാവികസേന ഉദ്യോഗസ്ഥൻ ചമഞ്ഞ് നേവല്‍ റെസിഡന്‍ഷ്യല്‍ ഏരിയയില്‍നിന്ന് ആയുധങ്ങളുമായി കടന്നുകളഞ്ഞു. ഇന്‍സാസ് റൈഫിളും വെടിയുണ്ടകളുമാണ് അടിച്ചുമാറ്റിയത്. ശനിയാഴ്ച രാത്രിയാണ് സുരക്ഷാ വീഴ്ച റിപ്പോര്‍ട്ട് ചെയ്തത്. കാവല്‍ ജോലിയിലുണ്ടായിരുന്ന ജൂനിയര്‍ നാവികനെ കബളിപ്പിച്ചാണ് ഇയാള്‍ ആയുധം കൈവശപ്പെടുത്തിയത്. തുടര്‍ന്ന് ഇയാളെ കാണാതാവുകയായിരുന്നു.ശനിയാഴ്ച രാത്രിയാണ് സംഭവം. കാവല്‍ ജോലിയിലുണ്ടായിരുന്ന ജൂനിയര്‍ നാവികന്റെ അടുത്തേക്ക് നാവികസേനയുടെ യൂണിഫോം ധരിച്ച ഒരാള്‍ എത്തുകയായിരുന്നു.
പകരക്കാരനായി വന്നതാണെന്ന ഭാവേന, ഇയാള്‍ ആയുധം കൈമാറാന്‍ നാവികനോട് ആവശ്യപ്പെടുകയായിരുന്നു. ഇയാളെ വിശ്വസിച്ച് നാവികന്‍ തോക്കും വെടിയുണ്ടകളും കൈമാറുകയും ചെയ്തു. എന്നാല്‍ താമസിയാതെ ആള്‍മാറാട്ടക്കാരന്‍ അവിടെനിന്ന് അപ്രത്യക്ഷനായി. ഇതോടെയാണ് അബദ്ധം മനസ്സിലായത്.
ഇയാളെ കണ്ടെത്താന്‍ നാവികസേനയും മുംബൈ പോലീസും അന്വേഷണമാരംഭിച്ചു. തോക്ക് കണ്ടെത്താനും ആള്‍മാറാട്ടക്കാരനെ പിടികൂടാനുമായി വ്യാപകമായ തിരച്ചിലാണ് നടത്തുന്നത്. മോഷണംപോയ ആയുധവും വെടിക്കോപ്പുകളും കണ്ടെത്താനായി പ്രദേശം അരിച്ചുപൊറുക്കുന്നുണ്ടെന്നും നാവികസേന അറിയിച്ചു. ഇതിന്റെ ഭാഗമായി ആയുധം കൈമാറിയ നാവികോദ്യോഗസ്ഥനെയും ചോദ്യംചെയ്തു വരികയാണ്.