തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി കേസിൽ 2019ലെ ദേവസ്വം ബോർഡ് അംഗങ്ങളെ പ്രതിചേർത്തതിൽ പ്രതികരണവുമായി അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ. അന്നത്തെ ദേവസ്വം ബോര്‍ഡ് വ്യവസ്ഥാപിതമല്ലാത്ത ഒരു കാര്യവും ചെയ്തിട്ടില്ലെന്നും മറുപടി പറയേണ്ടിടത്ത് പറയുമെന്നും പത്മകുമാർ പറഞ്ഞു. അനധികൃതമായോ ആചാരാനുഷ്ഠാനങ്ങൾക്ക് വിരുദ്ധമായിട്ടോ നിയമവിരുദ്ധമായിട്ടോ ഒരു കാര്യവും എന്റെ ബോർഡിന്റെ കാലത്ത് ഉണ്ടായിട്ടില്ലെന്നും പത്മകുമാർ കൂട്ടിച്ചേർത്തു. “അങ്ങനെയൊരു എഫ്‌ഐആര്‍ ഉള്ളവിവരം അറിഞ്ഞിട്ടില്ല.
നിയമപ്രകാരമോ അല്ലെങ്കില്‍ ഏതെങ്കിലും വിധത്തിലോ എനിക്ക് അങ്ങനെയൊരു വിവരം കിട്ടിയിട്ടില്ല. അന്നത്തെ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്ന് ഈ കാര്യങ്ങളിൽ ഒന്നും വ്യവസ്ഥാപിതമല്ലാത്ത ഒരു കാര്യവും ഞങ്ങൾ ചെയ്തിട്ടില്ല. ഞങ്ങളുടെ ഭാഗത്ത് ഒരു തെറ്റും ഉണ്ടായിട്ടില്ല. ഞങ്ങൾ തെറ്റുകാരാണെങ്കിൽ പറയട്ടെ, ഏത് ശിക്ഷ ഏറ്റു വാങ്ങിക്കാനും തയ്യാറാണല്ലോ. ഞാൻ ഇവിടെ നെഞ്ചുവിരിച്ചുതന്നെ നിൽക്കും “ “ബോർഡിനുള്ള ഉത്തരവാദിത്വം ബോർഡിനുണ്ട്.
നിയമപരമായ ഉത്തരവാദിത്വം ബോർഡിനുണ്ട്. ഉദ്യോഗസ്ഥർക്കുള്ള ഉത്തരവാദിത്വം അവർക്കുണ്ട്. ബോർഡ് നയപരമായ തീരുമാനം എടുത്തുകൊടുത്താൽ നിയമപരമായ ബാധ്യതകൾനിറവേറ്റി ആ കാര്യങ്ങൾ പൂർത്തീകരിക്കേണ്ടത് ഉദ്യോഗസ്ഥരുടെ ചുമതലയാണ്. ആ കാര്യത്തിൽ എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടോ, ഞങ്ങളുടെ കാര്യത്തിൽ എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടോ, കോടതി പരിശോധിക്കട്ടെ.”- പത്മകുമാർ കൂട്ടിച്ചേർത്തു.