ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിന് 38 മണിക്കൂറിന് ശേഷം മറ്റൊരു എയർ ഇന്ത്യ വിമാനവും അപകടത്തിന്റെ വക്കിലെത്തിയെന്ന് റിപ്പോർട്ടുകൾ. ഡൽഹിയിൽ നിന്ന് വിയന്നയിലേക്ക് പറന്ന എഐ 187 എന്ന ബോയിങ് 777 വിമാനമാണ് 900 അടി താഴ്ച്ചയിലേക്ക് പതിച്ചത്. ജൂൺ 14ന് പുലർച്ചെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടനെ വിമാനത്തിന് സ്റ്റാൾ വാണിങ് ലഭിക്കുകയായിരുന്നു, തുടർന്ന് 900 അടി താഴ്ച്ചയിലേക്ക് വിമാനം കൂപ്പുകുത്തി എന്നാണ് റിപ്പോർട്ടുകൾ. ഗ്രൗണ്ട് പ്രോക്സിമിറ്റി വാണിങ്ങും (വിമാനം ഗ്രൗണ്ടുമായി ഒരു പരിധിയിൽ കൂടുതൽ അടുത്ത് വരുമ്പോൾ പൈലറ്റുമാർക്ക് മുന്നറിയിപ്പ് നൽകുന്ന സംവിധാനം) ലഭിച്ചു എന്ന് ഡിജിസിഎ ഉദ്യഗസ്ഥർ പറയുന്നു.
ഒരു തവണ സ്റ്റാൾ വാണിങ്ങും രണ്ടു തവണ ഗ്രൗണ്ട് പ്രോക്സിമിറ്റി വാണിങ്ങും ലഭിച്ചെന്നും അപകട മുന്നറിയിപ്പ് ലഭിച്ചതോടെ പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലിലൂടെ വിമാനം സുരക്ഷിതമാക്കി യാത്ര തുടർന്നെന്നുമാണ് റിപ്പോർട്ടുകൾ. ഡൽഹിയിൽ നിന്ന് പുറപ്പെട്ട് ഏകദേശം 9 മണിക്കൂർ എട്ടുമിനിറ്റ് പറന്ന് വിയന്നയിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.
ബോയിങ് 777 വിമാനം പറന്നുയർന്ന രാത്രി ഡൽഹിയിലെ കാലാവസ്ഥ മോശമായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. മോശം കാലാവസ്ഥ മൂലം ടേക്ക് ഓഫിന് പിന്നാലെയുണ്ടായ കുലുക്കം മാത്രായിരുന്നു ഇതെന്നാണ് പൈലറ്റുമാരുടെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നത്. ഇതിൽ സ്റ്റിക് ഷേക്കർ മുന്നറിയിപ്പിനെ കുറിച്ച് മാത്രം പരാമർശിക്കുകയും ഗ്രൗണ്ട് പ്രോക്സിമിറ്റി വാണിങ് ഒഴിവാക്കുകയും ചെയ്തു. പിന്നീട് ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ പരിശോധിച്ചതോടെയാണ് നടന്ന സംഭവത്തിൻറെ തീവ്രത വ്യക്തമായതും പൈലറ്റുമാരും സുരക്ഷാവിഭാഗവും വിവരം മറച്ചുവയ്ക്കാൻ ശ്രമിച്ചത് കണ്ടെത്തുകയും ചെയ്തത്.
ഇതിന് പിന്നാലെയാണ് പൈലറ്റുമാരെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി നിർത്തിയതും സുരക്ഷാ വിഭാഗം തലവനെ ഡിജിസിഎ വിളിച്ചുവരുത്തിയതും. 270ലേറെപ്പേരുടെ ജീവൻ നഷ്ടമായ അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ ഡിജിസിഎ മുൻകൈയെടുത്ത് എയർ ഇന്ത്യയുടെ വിമാനങ്ങളിൽ സുരക്ഷാപരിശോധന ശക്തമാക്കുകയും ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. എയർ ഇന്ത്യയിൽ മുൻപ് യാത്ര അത്ര സുഖകരമല്ലെന്നും സമയത്തിന് എത്തുന്നില്ലെന്നും പരാതിയുണ്ടായിരുന്നുവെങ്കിലും സുരക്ഷയിൽ വിട്ടുവീഴ്ച ഉണ്ടായിരുന്നില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാലിന്ന് സൗകര്യങ്ങൾ മെച്ചപ്പെട്ടുവെങ്കിലും സുരക്ഷയിൽ വലിയ പാളിച്ച സംഭവിക്കുന്നുവെന്നും വിലയിരുത്തലുകളുണ്ട്.