അബുദാബി: ഒന്നാം പിറന്നാള്‍ ആഘോഷിക്കാനൊരുങ്ങി മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ ശിലാക്ഷേത്രമായ ബാപ്സ് ഹിന്ദു മന്ദിര്‍. യുഎഇയിലെ അബുദാബിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദു ക്ഷേത്രത്തിന്‍റെ ഉദ്ഘാടനം ഈ മാസം 16ന് ആഘോഷിക്കും. ആഘോഷപരിപാടികളില്‍ ഏത് രാജ്യക്കാര്‍ക്കും ജാതിമതഭേദമന്യേ പങ്കെടുക്കാമെന്നതാണ് പ്രത്യേകത. ഇതിനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.
ബാപ്സ് ക്ഷേത്രം തുറന്നിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് ഒന്നാം വാര്‍ഷികം വിപുലമായ പരിപാടികളോടെ നടത്തുന്നത്. ‘പഥോത്സവ്’ എന്ന പേരിലാണ് ഒന്നാം വാർഷികാഘോഷത്തിന്‍റെ ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. യുഎഇയിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രമാണ് ബാപ്സ് ഹിന്ദു ക്ഷേത്രം.
ഫെബ്രുവരി 16 വൈകീട്ട് അഞ്ച് മുതൽ രാത്രി ഏഴ് വരെ നടക്കുന്ന പരിപാടിയിൽ സർക്കാർ പ്രതിനിധികളും മത, സാമൂഹിക, സാംസ്കാരിക, വ്യാവസായിക മേഖലകളിൽനിന്നുള്ളവരും ഉൾപ്പെടെ 10,000 പേരെയാണ് പ്രതീക്ഷിക്കുന്നത്. 2024 ല്‍ 22 ലക്ഷം പേരാണ് ക്ഷേത്രം സന്ദര്‍ശിച്ചത്. ക്ഷേത്രം ഉദ്ഘാടനം ചെയ്ത 2024 ഫെബ്രുവരി 14 മുതൽ ഡിസംബർ 31 വരെയുള്ള കണക്കാണിത്.