ഭോപ്പാല്‍: മകൾ ഒളിച്ചോടിപ്പോയതിൽ മനംനൊന്ത് പിതാവ് ജീവനൊടുക്കി. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് സംഭവം. അയല്‍വാസിയായ യുവാവിനൊപ്പം 15 ദിവസം മുന്‍പാണ് പെണ്‍കുട്ടി ഇറങ്ങിപ്പോയത്. എന്നാല്‍ അന്യസമുദായത്തില്‍പ്പെട്ട യുവാവുമായുള്ള ബന്ധം കുടുംബാംഗങ്ങള്‍ അംഗീകരിച്ചിരുന്നില്ല. ഒളിച്ചോടിപ്പോയ പെണ്‍കുട്ടിയെ തിരികെ പിടിച്ചുകൊണ്ടുവന്നെങ്കിലും യുവാവിനൊപ്പം ജീവിക്കാന്‍ കോടതി പെണ്‍കുട്ടിയെ അനുവദിക്കുകയായിരുന്നു. ഇരുവരും വിവാഹിതരായെന്നും ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ് താല്‍പ്പര്യം എന്നുമാണ് പെണ്‍കുട്ടി കോടതിയോട് പറഞ്ഞത്.
മകളുടെ ഈ പ്രവൃത്തിയില്‍ മനംനൊന്താണ് പിതാവ് സ്വയം വെടിവെച്ച് മരിച്ചത്. ‘മോളെ നീ ചെയ്തത് തെറ്റാണ്. എനിക്ക് നിങ്ങളെ രണ്ടുപേരെയും കൊല്ലാമായിരുന്നു, പക്ഷേ എന്‍റെ കൈകൊണ്ട് എന്‍റെ മോളെ ഞാന്‍ എങ്ങനെ കൊല്ലും?’ എന്നാണ് ആത്മഹത്യാ കുറിപ്പില്‍ 49 കാരനായ പിതാവ് കുറിച്ചത്.
കോടതിയില്‍ മകള്‍ക്കുവേണ്ടി വാദിച്ച അഭിഭാഷകനെയും കുറിപ്പില്‍ കുറ്റപ്പെടുത്തുന്നുണ്ട്. ‘അയാള്‍ ഒരു കുടുംബത്തെ തകര്‍ത്തു, ഒരു പിതാവിന്‍റെ വേദന ആ വക്കീലിന് മനസിലാവില്ലെ? അയാള്‍ക്കും പെണ്‍ മക്കള്ളില്ലെ’ എന്നും കുറിപ്പില്‍ എഴുതിയിട്ടുണ്ട്. മകളുടെ ആധാര്‍ കാര്‍ഡിന് പിന്നിലാണ് ആത്മഹത്യാ കുറിപ്പ് എഴുതിയത്.
ആത്മഹത്യയെ തുടര്‍ന്ന് ഭര്‍ത്താവിന്‍റെ അച്ഛനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദിച്ചു. വീട്ടില്‍ നിന്ന് വലിച്ചിഴച്ച് പുറത്തിട്ട് ബോധം മറയുന്നത് വരെ അക്രമിക്കുകയായിരുന്നു. നാട്ടുകാര്‍ വന്ന് പിടിച്ചുമാറ്റുന്നതുവരെ മര്‍ദനം തുടര്‍ന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.