ഓറഞ്ചിൽ നിരവധി പോഷകഗുണങ്ങളാണ് അടങ്ങിയിട്ടുള്ളത്. വിറ്റാമിൻ സി, കാൽസ്യം, ഫൈബർ പോലുള്ള പോഷകഗുണങ്ങൾ ഓറഞ്ചിൽ അടങ്ങിയിട്ടുണ്ട്. സിട്രസ് പഴത്തിൽ വരുന്ന ഒന്നാണ് ഓറഞ്ച് എന്ന് പറയുന്നത്. ജലാംശം നിലനിർത്താൻ സഹായിക്കുന്ന പഴമാണ് ഓറഞ്ച് എന്നത്.
രോഗപ്രതിരോധ ശേഷി ശക്തമായി നിലനിർത്താൻ സഹായിക്കുന്ന വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. പോഷകസമൃദ്ധമാണെങ്കിലും, ഉയർന്ന അളവിൽ നാരുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് ചെറിയ അളവിൽ കഴിക്കുന്നതാണ് നല്ലതെന്ന് പോഷകാഹാര വിദഗ്ദ്ധനും ഡയറ്റീഷ്യനുമായ അവ്‌നി കൗൾ പറയുന്നു.
ഓറഞ്ച് അമിതമായി കഴിക്കുന്നത് ചിലരിൽ വയറുവേദന, വയറിളക്കം, വീക്കം, ഓക്കാനം എന്നിവയ്ക്ക് ഇടയാക്കും. വിറ്റാമിൻ സി അമിതമായി ശരീരത്തിലെത്തുന്നത് നെഞ്ചെരിച്ചിൽ, തലവേദന, ഛർദ്ദി, ഉറക്കമില്ലായ്മ എന്നിവയ്ക്ക് കാരണമാകുന്നു. ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് രോഗമുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. കാരണം ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങൾ കഴിച്ചതിനുശേഷം നെഞ്ചെരിച്ചിൽ അനുഭവപ്പെടാമെന്ന് ജേണൽ ഓഫ് ന്യൂറോഗാസ്ട്രോഎൻട്രോളജി ആൻഡ് മോട്ടിലിറ്റിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ഓറഞ്ച് അസിഡിറ്റി ഉള്ളതിനാൽ ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് രോഗം (GERD) ഉള്ളവരിൽ ഇത് ചിലപ്പോൾ ആമാശയ പാളിയിൽ പ്രകോപനം ഉണ്ടാക്കും. GERD ഉള്ളവർ ഓറഞ്ച് കഴിക്കുന്നതിനുമുമ്പ് ഡോക്ടറെയോ പോഷകാഹാര വിദഗ്ദ്ധനെയോ കണ്ട ചോദിച്ച ശേഷം മാത്രമം കഴിക്കുക. അല്ലാത്തപക്ഷം, ഇത് ചിലപ്പോൾ GERD രോഗികളിൽ നെഞ്ചെരിച്ചിൽ, ഛർദ്ദി എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ ദഹന പ്രശ്നങ്ങൾക്ക് കാരണമാകും.
കൂടാതെ, ശരീരത്തിൽ ഉയർന്ന അളവിൽ പൊട്ടാസ്യം ഉള്ള ആളുകൾ ഓറഞ്ച് കഴിക്കുന്നതിന് മുമ്പ് ഒരു ഡോക്ടറെ സമീപിക്കണം. ഉയർന്ന അളവിൽ പൊട്ടാസ്യം ശരീരത്തിൽ എത്തുന്നത് ഹൈപ്പർകലീമിയ എന്ന ഗുരുതരമായ അവസ്ഥയ്ക്ക് കാരണമായേക്കാം. ഹൈപ്പർകലീമിയ ഓക്കാനം, ബലഹീനത, പേശി ക്ഷീണം, ഹൃദയമിടിപ്പ് എന്നിവയിലേക്ക് നയിച്ചേക്കാം.