കണ്ണൂർ: ഇപി ജയരാജൻ ബിജെപിയിൽ വരാൻ ആഗ്രഹം അറിയിച്ചിരുന്നുവെന്ന് AP അബ്ദുള്ളക്കുട്ടിയുടെ വെളിപ്പെടുത്തൽ. പാർട്ടിയിലേക്ക് വരാൻ ആഗ്രഹിച്ചു. എന്നാൽ ജയരാജൻ വേണ്ടെന്ന് സംസ്ഥാന നേതാക്കൾ തീരുമാനിക്കുകയായിരുന്നു.
ബിജെപിയിലേക്കു വലരുന്നതിന്റെ ഭാഗമായി തന്നെയാണ് ജാവ്ദേകർ ചർച്ച നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. അതുപോലെ പി ജയരാജൻ ആത്മകഥ എഴുതിയാൽ ഇപിയുടെ കഥ മുഴുവൻ പുറത്തുവരും. ഇപി പുസ്തകം എഴുതിയത് തന്നെ എം വി ഗോവിന്ദനെ ലക്‌ഷ്യംവച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കണ്ണൂരിലെ വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട വിവാദത്തിൽ, കൃത്യസമയത്ത് ബന്ധപ്പെട്ടവർ വ്യക്തത വരുത്തിയിരുന്നെങ്കിൽ തനിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ നിലയ്ക്കുമായിരുന്നു എന്നാണ് ‘ഇതാണെന്റെ ജീവിതം’ എന്ന ആത്മകഥയിൽ ഇ.പി.ജയരാജൻ എഴുതിയത്. എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നു മാറ്റാൻ തീരുമാനിച്ചതു പ്രയാസമുണ്ടാക്കിയെന്നും മകൻ ജയ്സണിനെ സ്ഥാനാർഥിയാക്കാനുള്ള ശ്രമം ബിജെപി നടത്തിയെന്നും ആത്മകഥയിൽ പറയുന്നു.
‘സിപിഎം സംസ്ഥാന കമ്മിറ്റിയോഗത്തിൽ പി. ജയരാജൻ എനിക്കെതിരെ വൈദേകം റിസോർട്ട് നിക്ഷേപത്തിൽ അഴിമതി ആരോപണം ഉന്നയിച്ചെന്ന വാർത്ത ചില പത്രങ്ങളിൽ പ്രസിദ്ധീകരിച്ചു. ആ യോഗത്തിൽ ഞാൻ പങ്കെടുത്തിരുന്നില്ല. അതുകൊണ്ടുതന്നെ അവിടെ എന്താണു സംഭവിച്ചതെന്ന്് അറിഞ്ഞിരുന്നില്ല. അപ്പോഴും എന്താണു സംഭവിച്ചതെന്ന വിവരം പുറത്തുവന്നതുമില്ല.സത്യാവസ്ഥ അടുത്ത സംസ്ഥാന കമ്മിറ്റിയോഗത്തിലാണ് വ്യക്തമാകുന്നത്. ഒരു സ്വകാര്യ കമ്പനിയെ സഹകരണ സ്ഥാപനത്തെപ്പോലെ നയിക്കാൻ പാടുണ്ടോ എന്നുമാത്രമാണു താൻ ഉന്നയിച്ചതെന്നു പി.ജയരാജൻ വ്യക്തമാക്കി.
അതുപോലെ മകൻ ജയ്സണിനെ ബിജെപി സ്ഥാനാർഥിയാക്കാനുള്ള ശ്രമം ശോഭ സുരേന്ദ്രൻ നടത്തിയെന്നാണു പുസ്തകത്തിൽ പറയുന്നത്. ‘എറണാകുളത്ത് വിവാഹച്ചടങ്ങിൽ അവർ മകനെ പരിചയപ്പെടുകയും ഫോൺ നമ്പർ വാങ്ങുകയും ചെയ്തു. തുടർന്ന് ഒന്നുരണ്ടു തവണ അവനെ വിളിച്ചു. തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കാനുള്ള ശ്രമമാണെന്ന് തോന്നി. അവൻ ഫോണെടുത്തില്ല’- ആത്മകഥയിൽ പറയുന്നു.
			



































                                






							






