കോടനാട്: മസ്തകത്തിൽ പരിക്കേറ്റ് ചരിഞ്ഞ കൊമ്പന്‍റെ തലച്ചോറിന് അണുബാധ ഏറ്റിരുന്നതായി പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മസ്തകത്തിലും തുമ്പിക്കൈയിലും പുഴുവരിച്ചു. മരണകാരണം ഹൃദയാഘാതം തന്നെയെന്നും നിഗമനം. മസ്തകത്തിലെ മുറിവ് മറ്റൊരാനയുടെ കൊമ്പ് കുത്തിയതിനെ തുടർന്നുണ്ടായതെന്നും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയത്.
ഇന്നലെയാണ് (ഫെബ്രുവരി 21) കോടനാട് അഭയാരണ്യത്തില്‍ ചികിത്സയിലിരിക്കെ മസ്തകത്തില്‍ മുറിവേറ്റ കൊമ്പന്‍ ചരിഞ്ഞത്. കൊമ്പന്‍റെ മസ്തകത്തില്‍ ഒരു അടിയോളം ആഴത്തില്‍ ഉണ്ടായിരുന്ന മുറിവിനെ തുടര്‍ന്ന് ആന ഗുരുതരാവസ്ഥയിലായിരുന്നു. കഴിഞ്ഞദിവസം മയക്കുവെടിയേറ്റ് മയങ്ങിവീണ ആനയെ കുങ്കി ആനകളുടെ സഹായത്തോടെയാണ് ലോറിയില്‍ കയറ്റി കോടനാടെത്തിച്ചത്.
കോന്നി സുരേന്ദ്രന്‍, വിക്രം, കുഞ്ചു എന്നീ കുങ്കി ആനകളാണ് ദൗത്യത്തിലുണ്ടായിരുന്നത്. മസ്തകത്തിലെ മുറിവില്‍ പുഴുക്കളെ കണ്ടെത്തിയതോടയാണ് ആനയെ പിടികൂടി ചികിത്സിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത്. കഴിഞ്ഞദിവസം വെറ്റിലപ്പാറയ്ക്ക് സമീപത്ത് നിന്നാണ് ആനയെ പിടികൂടിയത്. വെറ്റിനറി സര്‍ജന്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘം സ്ഥലത്തെത്തിയാണ് ആരനയെ മയക്കുവെടിവെച്ചത്.