ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിൽ പാക്കിസ്ഥാനു ബന്ധമുണ്ടെന്ന് വിശ്വസനീയമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് ഇന്ത്യ. ഇതിന്റെ നിർണായക തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്നും ഭീകരരുടെ പാക്ക് ബന്ധവും സ്ഥിരീകരിച്ചെന്നും കേന്ദ്രസർക്കാർ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ലോക നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഫോൺ സംഭാഷണങ്ങളിലും മുപ്പതിലേറെ വിദേശരാജ്യങ്ങളുടെ സ്ഥാനപതിമാരുമായി ഡൽഹിയിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും മുതിർന്ന ഉദ്യോഗസ്ഥരും നടത്തിയ കൂടിക്കാഴ്ചകളിലും ഭീകരാക്രമണത്തിലെ പാക്ക് ബന്ധം വ്യക്തമാക്കിയിട്ടുണ്ട്. ഭീകര സംഘടനയായ ദ് റെസിസ്റ്റൻസ് ഫ്രണ്ടിന്റെ ‘ഇലക്ട്രോണിക് സിഗ്നേച്ചർ’ പാക്കിസ്ഥാനിൽ രണ്ടിടത്തെങ്കിലും കണ്ടെത്തിയിട്ടുണ്ട്. ചില ഭീകരരെ തിരിച്ചറിഞ്ഞു. അവരുടെ മുൻകാല പ്രവർത്തനങ്ങളും ഭീകരാക്രമണ പങ്കാളിത്തവും അവർ പാക്കിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയതാണെന്നും സ്ഥിരീകരിച്ചിട്ടുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
പാക്കിസ്ഥാനെതിരെ നയതന്ത്ര തലത്തിൽ ഇന്ത്യ തിരിച്ചടി തുടങ്ങിയിരുന്നു. പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനും അവർക്കു മേലുള്ള രാജ്യാന്തര സമ്മർദം വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഇന്ത്യയുടെ നീക്കം.
Pahalgam attack: Technical intelligence, credible inputs have confirmed Pakistan link: Delhi to foreign govts