കൊച്ചി: കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തിയുമായി എൽദോസ് കുന്നപ്പിള്ളി. മൂവാറ്റുപുഴയിൽ സീറ്റ് നൽകില്ലെന്ന കാര്യം നേതൃത്വത്തിന് നേരത്തെ അറിയിക്കാമായിരുന്നുവെന്നും താൻ പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെയുള്ള കേസ് ചിലർ ഹൈക്കമാൻഡിന് മുന്നിൽ പെരുപ്പിച്ചു കാണിച്ചുവെന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത നടപടിയാണ് നേതൃത്വത്തിൽ നിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് വിഭജനത്തിൽ ഇരട്ടത്താപ്പാണ് നടന്നതെന്ന ഗുരുതരമായ ആരോപണമാണ് എൽദോസ് കുന്നപ്പള്ളി ഉന്നയിക്കുന്നത്.
എ.കെ. ആന്റണി നൽകിയ റിപ്പോർട്ട് പോലും പരിഗണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രശ്നങ്ങളുള്ള മറ്റുള്ളവർക്കും ഇടതുപക്ഷത്തുനിന്ന് വന്നവർക്കും സീറ്റ് നൽകിയപ്പോൾ തന്നെ മാത്രം മാറ്റിനിർത്തിയത് വലിയ വേദനയുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ മൂവാറ്റുപുഴ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി മനോജ് മൂത്തേടൻ പ്രചാരണത്തിന് ഇറങ്ങിയിട്ടുണ്ടെങ്കിലും എൽദോസിന്റെ അതൃപ്തി മുന്നണിക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
തന്നെ കാണാനെത്തിയ സ്ഥാനാർഥി മനോജ് മൂത്തേടന് മുഖം കൊടുക്കാൻ എൽദോസ് തയ്യാറായില്ല. മനോജ് വീട്ടിലെത്തുന്നതിന് തൊട്ടുമുമ്പ് എൽദോസ് അവിടെനിന്നും പോവുകയും പിന്നീട് ഫോണിൽ പോലും ലഭ്യമാകാതിരിക്കുകയും ചെയ്തത് അനിശ്ചിതത്വം വർദ്ധിപ്പിച്ചിട്ടുണ്ട്.എൽദോസ് കുന്നപ്പിള്ളിക്ക് കടുത്ത അമർഷമുണ്ടെങ്കിലും തിരഞ്ഞെടുപ്പിൽ വിമതനായി മത്സരിക്കാനോ സ്വതന്ത്ര സ്ഥാനാർത്ഥിയാകാനോ ഉള്ള സാധ്യതകൾ നിലവിൽ കുറവാണെന്നാണ് സൂചനകൾ.













































