തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ പുതിയ ആർടിഎസ് പദ്ധതി (റീജനൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം) ശുദ്ധവിവരക്കേടാണെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. താൻ മുന്നോട്ടുവെച്ച അതിവേഗപാതയെ അട്ടിമറിക്കാനുള്ള നീക്കമാണിതിലൂടെ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ‘ആർടിഎസ് അംഗീകരിക്കപ്പെട്ട സംവിധാനമല്ല. ഇത് നടപ്പാക്കാൻ കഴിയില്ല. മെട്രോ ആക്ട് പ്രകാരം മാത്രമേ ആർആർടിഎസ് വിഭാവനം ചെയ്യാൻ സാധിക്കൂ‘. ഇ. ശ്രീധരൻ പറഞ്ഞു.
കേരളത്തിൽ അതിവേഗ റെയിൽപാത തുടങ്ങാൻ ഡിപിആർ തയ്യാറാക്കണമെന്ന് റെയിൽവേ മന്ത്രി തന്നോടാവശ്യപ്പെട്ടുവെന്ന് അവകാശപ്പെട്ട് ഇ. ശ്രീധരൻ പൊന്നാനിയിൽ ഓഫീസ് തുറന്നിരുന്നു. ഇതിനിടെയാണ് സിൽവർ ലൈൻ പദ്ധതിക്ക് ബദലായി ആർടിഎസ് പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടുവന്നത്. മന്ത്രിസഭ ഇതിന് അംഗീകാരവും നൽകി. അതിനുപിന്നാലെ ഗതാഗത വകുപ്പ് ഉത്തരവും പുറത്തിറക്കി.
തിരുവനന്തപുരം മുതൽ കാസർകോട് വരെ 583 കിലോമീറ്റർ നീളത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയാണ് ആർആർടിഎസ്. 12 വർഷം കൊണ്ട് പൂർത്തിയാക്കാനാണ് സർക്കാർ നീക്കം. നാല് ഘട്ടങ്ങളിലാണ് ഈ അതിവേഗ റെയിൽ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഒന്നാം ഘട്ടമായ തിരുവനന്തപുരം മുതൽ തൃശൂർ (ട്രാവൻകൂർ ലൈൻ) വരെയുള്ള 284 കിലോമീറ്ററിനാണ് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത്.
ഒന്നാം ഘട്ട നിർമ്മാണം 2027-ൽ തുടക്കമിട്ട് 2033-ൽ പൂർത്തിയാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. 1,92,780 കോടിയാണ് പദ്ധതിയുടെ ചെലവ് കണക്കാക്കുന്നത്. സിൽവർലൈൻ പദ്ധതിക്ക് ഇന്ത്യൻ റെയിൽവേയിൽ നിന്നുള്ള സാങ്കേതിക തടസ്സങ്ങളും ചിലയിടങ്ങളിലെ ജനകീയ പ്രതിഷേധങ്ങളും നേരിട്ടുള്ള സാഹചര്യത്തിലാണ് കൂടുതൽ പ്രായോഗികമായ ആർടിഎസ് പദ്ധതിക്ക് സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയത്. പരിസ്ഥിതി സംരക്ഷണവും ജനസാന്ദ്രതയും പരിഗണിച്ച്, ഭൂമി ഏറ്റെടുക്കൽ കുറയ്ക്കുന്നതിനായി പദ്ധതിയുടെ ഭൂരിഭാഗവും തൂണുകളിന്മേലുള്ള പാതകളായി (എലവേറ്റഡ് വയഡക്റ്റ് മോഡൽ) നിർമ്മിക്കാനാണ് തീരുമാനം.
ഈ റെയിൽ പദ്ധതി നിലവിലുള്ള കൊച്ചി മെട്രോയും, വരാനിരിക്കുന്ന തിരുവനന്തപുരം, കോഴിക്കോട് മെട്രോകളുമായും ബന്ധിപ്പിക്കും. ഡൽഹി-മീററ്റ് ആർആർടിഎസ് മാതൃകയിലാണ് ഇതിൻ്റെ ഫണ്ടിങ് ഉദ്ദേശിക്കുന്നത്. ചെലവിൻ്റെ 20 ശതമാനം സംസ്ഥാന സർക്കാരും, 20 ശതമാനം കേന്ദ്ര സർക്കാരും, ബാക്കി 60 ശതമാനം അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള ദീർഘകാല വായ്പകളും വിനിയോഗപ്പെടുത്തി പൂർത്തീകരിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് സംസ്ഥാന സർക്കാർ.
















































