ഗ്രേറ്റർ മാഞ്ചെസ്റ്റർ: ശസ്ത്രക്രിയക്കെത്തിയ രോഗിയെ ഓപ്പറേഷൻ ടേബിളിൽ അനസ്‌തേഷ്യ നൽകി മയക്കി കിടത്തിയ ശേഷം മറ്റൊരു മുറിയിൽ നഴ്‌സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട സംഭവത്തിൽ ഡോക്ടറുടെ കുറ്റസമ്മതം. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ടെയിംസൈഡ് ജനറൽ ആശുപത്രിയിലെ കൺസൾട്ടന്റ് അനസ്‌തെറ്റിസ്റ്റായിരുന്ന പാക് വംശജനായ ഡോ. സുഹൈൽ അൻജുമാണ് (44) മെഡിക്കൽ ട്രൈബ്യൂണൽ നടത്തിയ തെളിവെടുപ്പിനിടെ കുറ്റസമ്മതം നടത്തിയത്.
മെഡിക്കൽ ട്രൈബ്യൂണൽ നടത്തിയ ചോദ്യം ചെയ്യലിൽ, ഒരു രോഗി അനസ്‌തേഷ്യയിൽ കഴിയുമ്പോൾ താൻ നേഴ്‌സുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതായി ഡോ. സുഹൈൽ സമ്മതിച്ചു. തന്റെ പെരുമാറ്റം അങ്ങേയറ്റം ലജ്ജാകരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ടെയിംസൈഡ് ജനറൽ ആശുപത്രിയിൽ 2023 സെപ്റ്റംബർ 16-ന് ഡോ. സുഹൈൽ മേൽനോട്ടം വഹിച്ചിരുന്ന ഒരു പിത്താശയ ശസ്ത്രക്രിയക്കിടെയായിരുന്നു സംഭവം. അന്നേ ദിവസം രാവിലെ ഡോ. സുഹൈലിന് ഓപ്പറേഷൻ തിയേറ്ററിൽ അഞ്ചു ശസ്ത്രക്രിയകൾക്ക് അനസ്‌തേഷ്യ നൽകുന്നതിന്റെ ചുമതലയുണ്ടായിരുന്നു. ഇതിൽ മൂന്നാമത്തെ ശസ്ത്രക്രിയക്കിടെയാണ് ഡോക്ടർ ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് മുങ്ങി. തുടർച്ചയായ ശസ്ത്രക്രിയകൾക്കിടെഒരു ചെറിയ ഇടവേള എടുത്തതാണെന്നാണ് സഹപ്രവർത്തകർ കരുതിയത്.
മാത്രമല്ല ഒരു അനസ്‌തെറ്റിസ്റ്റ് നഴ്‌സിനെ രോഗിയെ നോക്കാൽ ഏൽപ്പിച്ചാണ് അദ്ദേഹം ഓപ്പറേഷൻ തിയേറ്റർ വിട്ടുപോയത്. കുറച്ചുകഴിഞ്ഞ് ശസ്ത്രക്രിയ ഉപകരണങ്ങളെടുക്കാൻ മറ്റൊരു ഓപ്പറേഷൻ തിയേറ്ററിലെത്തിയ വേറൊരു നഴ്‌സാണ് ഡോ. സുഹൈലും ആശുപത്രിയിലെ തന്നെ മറ്റൊരു നഴ്‌സും തിയേറ്ററിൽവെച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കണ്ടത്. നഴ്‌സ് ഉടൻ തന്നെ ഈ സംഭവം റിപ്പോർട്ട് ചെയ്തു.
അതേസമയം നേരത്തേ ഈ സംഭവത്തിൽ തെളിവെടുപ്പ് പുരോഗമിക്കുന്നതിനിടെ 2024 ഫെബ്രുവരിയിൽ ഇദ്ദേഹം പാക്കിസ്ഥാനിലേക്ക് തിരികെ പോയിരുന്നു. പിന്നീട് തിരികെ യുകെയിലേക്ക് വരാനും ഡോക്ടറായി തുടരാനുമുള്ള ആഗ്രഹവും ഇയാൾ മെഡിക്കൽ ട്രൈബ്യൂണൽ മുമ്പാകെ പങ്കുവെച്ചിട്ടുണ്ട്.