കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ ഡോക്ടർക്കുള്ള വെട്ട് വീണാ ജോർജിനും ആരോഗ്യവകുപ്പിനും കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നുവെന്ന് പ്രതി സനൂപ്. അറസ്റ്റിലായതിനു പിന്നാലെ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോകുമ്പോൾ മാധ്യമങ്ങളോടായിരുന്നു പ്രതിയുടെ പ്രതികരണം. പ്രതിയെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം സ്‌റ്റേഷനിലേയ്ക്ക് കൊണ്ടുപോയി.
അതേസമയം ഇന്ന് വൈകിട്ടായിരുന്നു താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ ആക്രമണം നടന്നത്. മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസുകാരി അനന്യയുടെ പിതാവ് സനൂപ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വിപിൻ എന്ന ഡോക്ടർക്ക് നേരെ വടിവാൾ ഉപയോഗിച്ച്ആക്രമണം നടത്തുകയായിരുന്നു. രണ്ട് മക്കൾക്കൊപ്പമായിരുന്നു ഇയാൾ ആശുപത്രിയിൽ എത്തിയത്. മക്കളെ പുറത്ത് നിർത്തിയ ശേഷം സൂപ്രണ്ടിനെ തിരഞ്ഞ് മുറിയിൽ എത്തി. ഇതിനിടെയാണ് ഡോക്ടർ വിപിനെ കാണുന്നതും ആക്രമിക്കുന്നതും. ഡോക്ടറുടെ തലയ്ക്കാണ് വെട്ടേറ്റത്. തലയോട്ടിയിൽ പത്ത് സെന്റീമീറ്റർ നീളത്തിൽ മുറിവേറ്റിട്ടുണ്ട്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡോക്ടറെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡോക്ടർ അപകടനില തരണംചെയ്തുവെന്ന് ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ ഹെഡ് ഡോ. ഫാബിത് മൊയ്തീൻ പറഞ്ഞു. ഡോക്ടർക്ക് സംസാരിക്കാൻ കഴിയുന്നുണ്ട്. എന്താണ് സംഭവിച്ചത് എന്നത് ഓർമയുണ്ട്. ഡോക്ടറുടെ തലയിൽ മൈനർ സർജറി ആവശ്യമാണെന്നും ഡോ. ഫാബിത് മൊയ്തീൻ പറഞ്ഞു.
അതേസമയം ഓഗസ്റ്റ് പതിനാലിനായിരുന്നു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയില് ചികിത്സയിൽ ഇരിക്കെ അനന്യ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിക്കുന്നത്. കുട്ടിയെ ആദ്യം പനി ലക്ഷണങ്ങളോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്യുകയായിരുന്നു. അവിടെ മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുണ്ടായ കാലതാമസമാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിച്ചു.