യുപിഐ ഇടപാടുകൾക്ക് പുതിയ നിയന്ത്രണങ്ങൾ നാഷണൽ പേയ്‌മെൻറ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ഇന്ന് മുതൽ പ്രാബല്യത്തിൽ വരുത്തുന്നു. ബാലൻസ് പരിശോധന, ഓട്ടോപേ, ഇടപാട് നില അപ്ഡേറ്റ് തുടങ്ങിയവയെയാണ് ഇത് ബാധിക്കുക.
ഗൂഗിൾ പേ, പേടിഎം, ഫോൺപേ തുടങ്ങിയ യുപിഐ ആപ്പുകളുടെ പ്രവർത്തനരീതികളുമായി ബന്ധപ്പെട്ട് നാഷണൽ പേയ്‌മെൻറ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) നടപ്പാക്കുന്ന പുതിയ മാറ്റങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. ദിവസേന പലതവണ യുപിഐ ആപ്പുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഈ നിയമങ്ങൾ സുപ്രധാനമാണ്. ബാലൻസ് പരിശോധനകൾ, ഓട്ടോപേ അഭ്യർത്ഥനകൾ, പേയ്‌മെൻറ് പരാജയങ്ങൾ, ലിങ്ക് ചെയ്ത അക്കൗണ്ട് പരിശോധനകൾ തുടങ്ങിയ സവിശേഷതകളെയാണ് ഈ മാറ്റങ്ങൾ ബാധിക്കുക.
ബാലൻസ് പരിശോധനയ്ക്ക് പരിധി
പുതിയ നിയമങ്ങൾ പ്രകാരം, ഉപയോക്താക്കൾക്ക് ഓരോ ആപ്പിലും ഒരു ദിവസം പരമാവധി 50 തവണ മാത്രമേ ബാലൻസ് പരിശോധിക്കാൻ കഴിയൂ. തിരക്കേറിയ സമയങ്ങളിലെ (പീക്ക് അവേഴ്സ്) ലോഡ് കുറയ്ക്കുന്നതിനായാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനുപുറമെ, ഓരോ സാമ്പത്തിക ഇടപാടിനൊപ്പവും ഉപയോക്താവിൻറെ ബാലൻസ് ചേർക്കാൻ ബാങ്കുകൾക്ക് നിർബന്ധമുണ്ട്.
ഓട്ടോപേയ്‌മെന്റുകൾക്ക് നിശ്ചിത സമയം
ഇഎംഐ, എസ്‌ഐപി, അല്ലെങ്കിൽ ഒടിടി സബ്‌സ്‌ക്രിപ്‌ഷൻ പോലുള്ള യുപിഐയിലെ ഓട്ടോ പേയ്‌മെൻറുകളും ഓട്ടോ ട്രാൻസാക്ഷനുകളും രാവിലെ 10 മണിക്ക് മുൻപും, ഉച്ചയ്ക്ക് ഒന്ന് മുതൽ അഞ്ച് വരെയും, രാത്രി 9:30 ന് ശേഷവും മാത്രമേ പ്രോസസ്സ് ചെയ്യുകയുള്ളൂ. അതായത്, നിങ്ങളുടെ പേയ്‌മെൻറ് രാവിലെ 11 മണിക്ക് ഡ്യൂ ആണെങ്കിൽ, അത് നേരത്തെയോ വൈകിയോ ഡെബിറ്റ് ആയേക്കാം. രാവിലെ 10 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെയും വൈകുന്നേരം അഞ്ച് മുതൽ രാത്രി 9:30 വരെയുമുള്ള തിരക്കേറിയ സമയങ്ങളിൽ ഓട്ടോപേ പ്രോസസ്സ് ചെയ്യുന്നത് ഒഴിവാക്കാനാണ് ഇത്.
ബാങ്ക് വിവരങ്ങൾ ലഭ്യമാക്കാൻ പരിമിതമായ ശ്രമങ്ങൾ
ഉപയോക്താക്കൾക്ക് അവരുടെ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്ത വിവരങ്ങൾ ഒരു ദിവസം 25 തവണ മാത്രമേ ലഭ്യമാക്കാൻ കഴിയൂ. ഇതിലൂടെ, മൊബൈലുമായി ലിങ്ക് ചെയ്ത അക്കൗണ്ടുകളുടെ ലിസ്റ്റ് ഉപയോക്താക്കൾക്ക് കാണാൻ കഴിയും. ഉപയോക്താവ് യുപിഐ ആപ്പുകളിൽ ഇഷ്യൂവർ ബാങ്ക് തിരഞ്ഞെടുത്തതിന് ശേഷം മാത്രമേ ഈ അഭ്യർത്ഥനകൾ ആരംഭിക്കാൻ പാടുള്ളൂ.
ഇടപാട് നിലയുടെ വേഗത്തിലുള്ള അപ്‌ഡേറ്റ്
തിരക്കേറിയ സമയങ്ങളിൽ, പണം ഡെബിറ്റ് ആവുകയും എന്നാൽ സ്വീകർത്താവിന് ലഭിക്കാതിരിക്കുകയും ചെയ്യുന്നതുൾപ്പെടെയുള്ള ഇടപാട് സംബന്ധമായ പ്രശ്നങ്ങൾ ഉപയോക്താക്കൾക്ക് പലപ്പോഴും നേരിടേണ്ടി വരാറുണ്ട്. ഇനി മുതൽ യുപിഐ ആപ്പുകൾ ഒരു ഇടപാടിൻറെ യഥാർത്ഥ പേയ്‌മെന്റ് നില പെൻഡിംഗ് അല്ലെങ്കിൽ പ്രോസസ്സിംഗ് എന്ന് കാണിക്കുന്നതിന് പകരം നിമിഷങ്ങൾക്കകം പ്രദർശിപ്പിക്കേണ്ടതുണ്ട്. ഉപയോക്താവിന് നില പരിശോധിക്കാൻ 3 അവസരങ്ങൾ മാത്രമേ ലഭിക്കൂ. ഓരോ പരിശോധനയ്ക്കും ഇടയിൽ 90 സെക്കൻഡ് സമയം കാത്തിരിപ്പ് ഉണ്ടാകും.
ഓരോ ഇടപാടിലും സ്വീകർത്താവിന്റെ പേര്
ഓരോ തവണ യുപിഐ വഴി പണം അയക്കുമ്പോഴും, ഇടപാട് നടത്തുന്നതിന് മുമ്പ് സ്വീകർത്താവിന്റെ രജിസ്റ്റർ ചെയ്ത പേര് കാണാൻ ഉപയോക്താക്കൾക്ക് സാധിക്കും. ഈ മാറ്റങ്ങൾ പ്രധാനപ്പെട്ടതല്ലെങ്കിലും, തിരക്കേറിയ സമയങ്ങളിൽ യുപിഐ ആപ്പുകളിലെ സമ്മർദ്ദം കുറയ്ക്കാനും ഓൺലൈൻ പേയ്‌മെൻറുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും അതുവഴി കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാനുമാണ് ഇവ ലക്ഷ്യമിടുന്നത്.