ധർമസ്ഥല: ധർമസ്ഥലയിൽ കൂട്ടമായി മൃതദേഹങ്ങൾ മറവുചെയ്തെന്ന കേസിൽ ബെംഗളഗുഡ്ഡെ വനമേഖലയിൽ പരിശോധന നടത്തുന്ന പ്രത്യേക അന്വേഷണസംഘം (എസ്ഐടി) കൂടുതൽ അസ്ഥിഭാഗങ്ങൾ കണ്ടെത്തി. ഇന്നലെ നടത്തിയ പരിശോധനയിൽ രണ്ട് തലയോട്ടികളും അസ്ഥിഭാഗങ്ങളുമാണു കണ്ടെത്തിയത്. നിലത്ത് ചിതറിക്കിടക്കുന്ന നിലയിലായിരുന്നു അസ്ഥികൾ കണ്ടെത്തിയത്. ഇവ വനത്തിലെ ദുർമന്ത്രവാദ സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
മൃതദേഹ ഭാഗങ്ങൾ കൂടാതെ കയർ, വോക്കിങ് സ്റ്റിക്, വിഷം സൂക്ഷിച്ചുവെന്നു കരുതുന്ന കുപ്പി, തിരിച്ചറിയൽ കാർഡ് എന്നു കരുതുന്ന വസ്തു എന്നിവയും കണ്ടെത്തിയതായാണ് വിവരം. ഈ പ്രദേശത്തു നിന്നാണ് 2012ൽ കൊല്ലപ്പെട്ട സൗജന്യയുടെ മാതൃസഹോദരൻ വിറ്റൽ ഗൗഡ തലയോട്ടി കണ്ടെത്തി മുൻ ശുചീകരണത്തൊഴിലാളി ചിന്നയ്യയ്ക്ക് നൽകിയത്. ഇവിടെ മന്ത്രവാദ ശ്ലോകങ്ങൾ രേഖപ്പെടുത്തിയ ലേഖനവും കണ്ടതായി ഇയാൾ വെളിപ്പെടുത്തിയിരുന്നു. വനത്തിലെ ദുർമന്ത്രവാദ സാധ്യതയും എസ്ഐടി പരിശോധിച്ചേക്കും. ലഭിച്ച അസ്ഥി ഭാഗങ്ങൾ ഫൊറൻസിക് പരിശോധനയ്ക്ക് ബെംഗളൂരുവിലേക്ക് അയച്ചു.
അതേസമയം ബുധനാഴ്ച ബെംഗളഗുഡ്ഡെ വനത്തിൽ നടത്തിയ പരിശോധനയിൽ 5 തലയോട്ടികളും നൂറോളം അസ്ഥിഭാഗങ്ങളും കണ്ടെത്തിയിരുന്നു. ഇവയും നിലത്ത് ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. 1998–2014 ൽ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയുടെ വെളിപ്പെടുത്തലിൽ ജൂലൈ 3ന് ആണ് കോടതി നിർദേശ പ്രകാരം അന്വേഷണം ആരംഭിച്ചത്. ജൂലൈ 19ന് എസ്ഐടിക്കു കൈമാറി. 17 സ്ഥലങ്ങളിൽ കുഴിച്ചു പരിശോധിച്ചതിൽ രണ്ടിടത്തു നിന്ന് അസ്ഥിഭാഗങ്ങൾ കിട്ടിയിരുന്നു.