ജനീവ: ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്തു പ്രസംഗിക്കാനെത്തിയ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനു നേരിടേണ്ടിവന്നത് കൂക്കിവിളി. പ്രസംഗത്തിനിടെ നിരവധി യുഎൻ പ്രതിനിധികൾ വേദിയിൽ നിന്ന് ഇറങ്ങിപ്പോയി. അതേസമയം ഗാസയിൽ യുദ്ധം അവസാനിച്ചിട്ടില്ലെന്ന് നെതന്യാഹു ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പറഞ്ഞു.
ഇസ്രയേൽ ഗാസയിലെ സാധാരണക്കാരെ ലക്ഷ്യംവെച്ചിട്ടില്ലെന്നും പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഭ്രാന്തമായ നീക്കമാണെന്നും നെതന്യാഹു പറഞ്ഞു. ഗാസയിലെ ജനങ്ങളെ ഇസ്രയേൽ മനപ്പൂർവം കൊടിയ പട്ടിണിയിലേക്ക് തളളിവിടുന്നുവെന്ന ആരോപണങ്ങളും നെതന്യാഹു നിഷേധിച്ചു. ആവശ്യത്തിന് ഭക്ഷണം എത്തിക്കുന്നുണ്ടെന്നും ഹമാസ് ഭക്ഷണവും അവശ്യസാധനങ്ങളും മോഷ്ടിച്ച് പൂഴ്ത്തിവയ്ക്കുകയും വിൽക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഗാസയിൽ പട്ടിണിയുണ്ടാവുന്നതെന്നും നെതന്യാഹു പറഞ്ഞു.
‘ഇസ്രയേൽ ജനത എപ്പോഴും ബന്ദികൾക്കൊപ്പമാണ്. ഹമാസ് തടവിലാക്കിയ ബന്ദികളെ ഇസ്രയേൽ മറന്നിട്ടില്ല. അതുപോലെ ഹമാസ് ബന്ദികളെ മോചിപ്പിക്കണം. ആയുധങ്ങൾ താഴെവയ്ക്കണം. അതുവരെ ഇസ്രയേൽ തിരിച്ചടി തുടരും. പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഭ്രാന്തമായ നീക്കമാണ്. അത് കൂടുതൽ ആക്രമണങ്ങളിലേക്ക് നയിക്കും. പലസ്തീൻ അതോറിറ്റി ഹമാസിന് തുല്യമാണ്’: നെതന്യാഹു പറഞ്ഞു. ഇറാൻ ഇസ്രയേലിനും അമേരിക്കയ്ക്കും ഭീഷണിയാണെന്നും നെതന്യാഹു പറഞ്ഞു. ഇറാന്റെ സൈനിക ശേഷി തകർക്കാൻ ഇസ്രയേലിനും അമേരിക്കൻ സൈന്യത്തിനും സാധിച്ചെന്നും ട്രംപിന്റെ ധീരവും നിർണായകവുമായ നടപടിയാണെന്നും നെതന്യാഹു പറഞ്ഞു.
അതേസമയം നെതന്യാഹു വേദിയിലേക്ക് കയറിയപ്പോൾ മുതൽ കൂക്കിവിളിയുമായാണ് പ്രതിനിധികൾ സ്വീകരിച്ചത്. പിന്നാലെ പ്രസംഗിക്കാൻ ആരംഭിച്ചതോടെ പ്രതിനിധികൾ വേദിവിട്ട് പോവുകയായിരുന്നു

















































