ആലപ്പുഴ ∙ പാർട്ടിയുമായി ഇടഞ്ഞ് അംഗത്വം ഉപേക്ഷിച്ച മുതിർന്ന നേതാവ് ജി.സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ സിപിഎം അവസാനിപ്പിച്ചെന്നു വിവരം. ഇതോടെ അമ്പലപ്പുഴ മണ്ഡലത്തിൽ അദ്ദേഹത്തെ പൊതുസ്വതന്ത്രനായി മത്സരിപ്പിക്കാനുള്ള നീക്കങ്ങളുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസ് നേതാക്കൾ സുധാകരനുമായി ബന്ധപ്പെടുന്നുണ്ട്. സുധാകരൻ സ്വതന്ത്രനായി മത്സരിക്കാൻ തയാറായാൽ യുഡിഎഫ് പിന്തുണ നൽകുമെന്ന ഉറപ്പു നൽകിയിട്ടുണ്ട്. സുധാകരൻ സ്വന്തം നിലയിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ശേഷം യുഡിഎഫ് പിന്തുണ പ്രഖ്യാപിക്കുമെന്ന തരത്തിലാണു ചർച്ചകൾ നീങ്ങുന്നത്.
ജി.സുധാകരന്റെ തീരുമാനം അറിഞ്ഞ ശേഷമേ അമ്പലപ്പുഴ മണ്ഡലത്തിലെ സ്ഥാനാർഥിയെ തീരുമാനിക്കുകയുള്ളുവെന്ന സന്ദേശം സംസ്ഥാന നേതൃത്വം ജില്ലയിലെ നേതാക്കളെ അറിയിച്ചിട്ടുണ്ട്. അമ്പലപ്പുഴ മണ്ഡലത്തിലെ സാധ്യതാ സ്ഥാനാർഥി പട്ടികയിലുള്ള കോൺഗ്രസ് നേതാക്കളോട് മറ്റെവിടെയെങ്കിലും പരിഗണിക്കേണ്ടതുണ്ടോ എന്നു നേരത്തേ തന്നെ നേതൃത്വം ആരാഞ്ഞിരുന്നു.
സംസ്ഥാന സെക്രട്ടറി തന്നെ നേരിട്ടു സംസാരിച്ചിട്ടും വഴങ്ങാത്ത ജി.സുധാകരനുമായി ഇനി അനുനയ നീക്കങ്ങൾ വേണ്ടെന്ന നിലപാടിലാണു സിപിഎം നേതൃത്വം. എം.വി.ഗോവിന്ദനും സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസറും സുധാകരനുമായി ഫോണിൽ സംസാരിച്ചിരുന്നു. അംഗത്വം പുതുക്കണമെന്ന് കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാതയും ജില്ലാ സെക്രട്ടേറിയറ്റംഗം ജി. ഹരിശങ്കറും നാലുദിവസം മുൻപ് സുധാകരന്റെ വീട്ടിലെത്തി അഭ്യർഥിച്ചിരുന്നു. സംസ്ഥാന, ജില്ലാ നേതൃത്വങ്ങളുടെ നിർദേശപ്രകാരമായിരുന്നു ഇത്. അംഗത്വം പുതുക്കുക, സർക്കാർപരിപാടികളിൽ പങ്കെടുക്കുക, തിരഞ്ഞെടുപ്പു പ്രവർത്തനവുമായി ബന്ധപ്പെട്ടു നൽകിയ ചുമതലകൾ നിർവഹിക്കുക എന്നീ കാര്യങ്ങളാണ് അദ്ദേഹത്തോടാവശ്യപ്പെട്ടത്. എന്നാൽ, സുധാകരന്റെ സമീപനം അനുകൂലമായിരുന്നില്ല. ഈ സാഹചര്യമാണ് ഇനി ചർച്ച വേണ്ടെന്ന നിലപാടെടുക്കാൻ പ്രേരണയായെതെന്നാണു സൂചന.
ആറുദിവസം മുൻപാണ് അംഗത്വം പുതുക്കില്ലെന്ന് ഫെയ്‌സ്ബുക്കിലൂടെ സുധാകരൻ വെളിപ്പെടുത്തിയത്. ഇതിനുകാരണങ്ങളും വ്യക്തമാക്കിയിരുന്നു. സംസ്ഥാന കമ്മിറ്റിയിൽനിന്ന് പ്രായപരിധിയുടെ പേരിൽ ഒഴിവാക്കിയപ്പോൾ ജില്ലാ കമ്മിറ്റി ഓഫീസ് ബ്രാഞ്ചിലാണ് ഉൾപ്പെടുത്തിയത്.
അവിടെ അഞ്ചുവർഷത്തോളം പ്രവർത്തിച്ചിട്ടും ഒരിക്കൽപ്പോലും ജില്ലാസെക്രട്ടറി വിവരങ്ങൾ അന്വേഷിച്ചില്ല. പൊതുപരിപാടികളിലേക്കു ക്ഷണിച്ചുമില്ല. അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തിനും വിളിച്ചില്ല. ഇതിനു പുറമേ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അപമാനിക്കുന്ന രീതിയിൽ സംസാരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ പാർട്ടിയിൽ തുടർന്ന് നേതാക്കൾക്കു ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണ് അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കിയത്. ഇതോടെയാണു അനുനയ നീക്കങ്ങൾ അവസാനിപ്പിക്കാൻ പാർട്ടി തീരുമാനിച്ചത്.
അമ്പലപ്പുഴ മണ്ഡലത്തിൽ സുധാകരൻ പൊതുസ്വതന്ത്രനായി മത്സരിക്കുമെന്ന സൂചനയെ തുടർന്ന് സുധാകരന്റെ വീട്ടിലെത്തുന്നവരുടെയും ചർച്ചകളുടെയുമൊക്കെ വിവരങ്ങൾ സി.പി.എമ്മിന്റെ പ്രാദേശിക ഘടകം വഴി ശേഖരിക്കുന്നുണ്ട്. കൂടാതെ സ്‌പെഷ്യൽബ്രാഞ്ച് ഉദ്യോഗസ്ഥരുടെ നിരീക്ഷണവുമുണ്ട്.
















































